ന്യൂദല്‍ഹി: എന്‍.സി.പി തലവന്‍ ശരദ് യാദവിന്റെ മകള്‍ സുപ്രിയ സുലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി ശിവസേന എം.പി സഞ്ജയ് റാവാത്ത്. ശിവസേന മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് റാവത്തിന്റെ വെളിപ്പെടുത്തല്‍.

സാമ്‌നയുടെ എഡിറ്റര്‍ കൂടിയാണ് സഞ്ജയ് റാവത്ത്. മോദി മന്ത്രിസഭയുമായി സഹകരിക്കാന്‍ പവാര്‍ തയ്യാറെടുക്കുന്നു എന്ന മാധ്യമറിപ്പോര്‍ട്ടുകളെ കുറിച്ച് പവാറുമായി സംസാരിച്ചപ്പോള്‍ അത്തരത്തില്‍ ചിന്തിക്കുക പോലും ചെയ്തിട്ടില്ലെന്നായിരുന്നു പവാറിന്റെ മറുപടിയെന്നും റാവത്ത് ലേഖനത്തില്‍ പറയുന്നു.


Dont Miss വിദ്വേഷപ്രസംഗത്തില്‍ ശശികലയ്‌ക്കെതിരെ കൊച്ചിയിലും കോഴിക്കോട്ടും കേസെടുത്തു


അത്തരം റിപ്പോര്‍ട്ടുകള്‍ തികഞ്ഞ മണ്ടത്തരം മാത്രമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘എന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പല കള്ളക്കഥകളും പ്രചരിക്കുന്നുണ്ട്. കാബിനറ്റില്‍ സുപ്രിയയെ കൊണ്ടുവരാന്‍ താത്പര്യമുണ്ടെന്ന് മോദി ഒരിക്കല്‍ എന്നോട് പറഞ്ഞിരുന്നു. ആ മീറ്റിങ്ങില്‍ സുപ്രിയയും പങ്കെടുത്തിരുന്നു. ബി.ജെ.പിയില്‍ ചേരുന്ന അവസാനത്തെ വ്യക്തി താനാണോ എന്നായിരുന്നു സുപ്രിയ അന്ന് മോദിയോട് ചോദിച്ചത്. – പവാര്‍ പറഞ്ഞതായി റാവത്ത് കുറിക്കുന്നു.

എന്‍.സി.പിയുടെ നിലപാട് ഉറച്ചതാണെന്നും എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കാനായി ചിലര്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും പവാര്‍ പറഞ്ഞിരുന്നെന്നും റാവത്ത് ലേഖനത്തില്‍ പറയുന്നു.