ന്യൂദല്‍ഹി: അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇറാനുമേല്‍ ചുമത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം കണക്കിലെടുക്കാതെ എണ്ണ ഇറക്കുമതി തുടരാനുള്ള ഇന്ത്യയുടെ നീക്കം വീണ്ടും പ്രതിസന്ധിയില്‍. ഉപരോധമുള്ളതിനാല്‍ ഇറാനില്‍ നിന്നും എണ്ണ കൊണ്ടു വരുന്ന കപ്പലുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കില്ല. ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലാതെ ഷിപ്പിംഗ് കമ്പനികള്‍ എണ്ണ കൊണ്ടുവരാന്‍ തയ്യാറാകില്ല.

ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ പണം നല്‍കുന്നതായിരുന്നു മുമ്പുണ്ടായിരുന്ന പ്രതിസന്ധി. പണം പകുതിയും ഇന്ത്യന്‍ രൂപയില്‍ നല്‍കാനെല്ലാം പരിഹാരം ആയതിനു പിന്നാലെയാണ് ഇന്‍ഷൂറന്‍സ് നഷ്ടമാകുന്ന അവസ്ഥ ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ജറനല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനെ ഉപയോഗിച്ച് ബദല്‍ സംവിധാനം ഒരുക്കക എന്നതാണ് ആകെയുള്ള പോംവഴി. എന്നാല്‍ ഇത് പെട്ടന്ന് നടപ്പാക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ എണ്ണ ഇറക്കുമതി മുടങ്ങുമെന്നാണ് കരുതുന്നത്.

ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം ഇറാനില്‍ നിന്ന് എണ്ണ കൊണ്ടു പോകുന്ന കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കരുതെന്ന് യൂറോപ്യന്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് വിലക്കുണ്ട്. ഇന്ത്യയിലെ ഷിപ്പിങ് കമ്പനികളെല്ലാം യൂറോപ്യന്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ നിന്നാണ് ചഇന്‍ഷുറന്‍സ് എടുക്കുന്നത്.

ഇന്‍ഷൂറന്‍സ് ഇല്ലാതെ എണ്ണ കൊണ്ടു വരാനാവില്ലെന്ന് ഷിപ്പിംങ് കമ്പനികള്‍ പെട്രോളിയം മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഷിപ്പിംങ് മന്ത്രാലയം വിവിധ മന്ത്രാലയങ്ങളുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന എണ്ണയുടെ 12 ശതമാനം എണ്ണ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നെങ്കിലും ഉപരോധം പ്രഖ്യാപിച്ചതിനു ശേഷം ഇത് 10 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

Malayalam News

Kerala News In English