എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് ബോട്ടിലിടിച്ച കപ്പല്‍ കണ്ടെത്തി
എഡിറ്റര്‍
Thursday 17th January 2013 9:18am

കോഴിക്കോട്: ചാലിയത്ത് നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടിലിടിച്ചെന്ന് കരുതുന്ന കപ്പല്‍ കണ്ടെത്തി. കൊച്ചി തീരത്ത് നിന്ന് 6 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് കപ്പല്‍ കണ്ടെത്തിയത്.

Ads By Google

ഗുജറാത്തില്‍ നിന്നും വരികയായിരുന്ന എം വി ഇസുമോ എന്ന കപ്പലാണ് കണ്ടെത്തിയത്. ഇന്നലെയാണ് ചാലിയത്ത് നിന്നും മീന്‍പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പല്‍ ഇടിക്കുന്നത്.

തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍ കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ട് 3.50 ന് കടലില്‍ 11 നോട്ടിക്ക് മൈല്‍ അകലെവെച്ചായിരുന്നു അപകടം.

ചാലിയത്തുനിന്ന് ഉച്ചയ്ക്ക് മീന്‍ പിടിത്തതിന് പുറപ്പെട്ട ‘അല്‍അമീന്‍’ തോണിയിലെ ജോലിക്കാരായ ചാലിയം പാണ്ടികശാല മുഹമ്മദ് റാഫി (30), കോട്ടക്കണ്ടി മുനീര്‍ (28), പുതിയപുരയില്‍ റഫീഖ് (38) എന്നിവരാണ് അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇവരെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കപ്പല്‍ ചാലിനുപുറത്ത് എന്‍ജിന്‍ നിര്‍ത്തി മീന്‍പിടിക്കുന്നതിനിടെയാണ് കപ്പല്‍ ബോട്ടിലിടിച്ചതെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു. മുന്നറിയിപ്പുകളൊന്നും കൂടാതെയായിരുന്നു കപ്പലിന്റെ വരവ്. കപ്പല്‍ ചാലിനു പുറത്തുകൂടി അപകടകരമായ രീതിയില്‍ കപ്പല്‍ വരുന്നതുകണ്ട് തോണിയിലുണ്ടായിരുന്നവര്‍ അപകട മുന്നറിയിപ്പ് നല്‍കിയെങ്കിലും വഴിമാറാന്‍ ശ്രമമുണ്ടായില്ല. ഇതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ ബോട്ടില്‍ നിന്നും കടലില്‍ ചാടുകയായിരുന്നു.

ഇവര്‍ കടലിലേക്ക് ചാടിയ ഉടന്‍ തന്നെ കപ്പല്‍ ബോട്ടിനെ ഇടിച്ച് തകര്‍ത്തുവെന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു. ഇടിയുടെ ബോട്ട് മുങ്ങി. ഇതിന് ശേഷം കപ്പല്‍ നിര്‍ത്താതെ പോകുകയായിരുന്നെന്ന് തൊഴിലാളികള്‍ പറഞ്ഞു.

സമീപത്ത് മീന്‍ പിടുത്തത്തിലേര്‍പ്പെട്ടിരുന്ന നൂര്‍ജഹാന്‍ ബോട്ടിലെ തൊഴിലാളികളാണ് കടലിലകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ ചാലിയത്തെ തീരദേശ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ബോട്ടില്‍ അപകടസ്ഥലത്തെത്തി തൊഴിലാളികളെ കരയ്‌ക്കെത്തിച്ചു ആശുപത്രിയിലാക്കുകയായിരുന്നു.

Advertisement