ബേപ്പൂര്‍: ഉരു മുങ്ങി അപകടത്തിനിരയായ അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി.

Ads By Google

ബേപ്പൂര്‍ തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുമായി പോയ ‘അരുള്‍ സീലി’ എന്ന യന്ത്രവത്കൃത ഉരുവിലെ തൊഴിലാളികളും തൂത്തുക്കുടി സ്വദേശികളുമായ റംസി(40), പ്രകാശ്(37), സുരേഷ്(31) കിണി, ഭാസ്‌കരന്‍ എന്നിവരെയാണ് രക്ഷപ്പെടുത്താനായത്.

വെള്ളിയാഴ്ച അര്‍ധ രാത്രി മുതല്‍ ശനിയാഴ്ച ഉച്ചവരെ ഇവര്‍ നീന്തിയാണ് പിടിച്ചു നിന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബേപ്പൂര്  കോസ്റ്റല്‍ പോലീസും, സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ഉരുവിന്റെ ഡ്രൈവറായ സേവ്യര്‍, അലക്‌സ്, മൈക്കിള്‍ എന്നിവരെ ഇത് വരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

അപകടം നടന്ന് മുപ്പത് മണിക്കൂറിനു ശേഷമാണ് ഇവരില്‍ രണ്ടു പേരെ പുറം കടലില്‍ നിന്നു ലഭിച്ചത്.  ഉരുവിലുണ്ടായ കന്നുകാലികള്‍ മുങ്ങിച്ചത്തു. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് അരുണ്‍ സീലി കെട്ടിട നിര്‍മാണ വസ്തുക്കളും കന്നുകാലികളുമായി ലക്ഷദ്വീപിലേക്ക് തിരിച്ചത്.

കരയില്‍ നിന്നും അറുപത്തിയഞ്ച് പാദം അകലെ വെച്ചാണ് അപകടമുണ്ടായത്. കടല്‍ വളരെ പ്രക്ഷുബ്ധമായതിനാല്‍ ഉരുവില്‍ വെള്ളം കയറുകയായിരുന്നു.