മുംബൈ: ലക്ഷദ്വീപിലെ കവരത്തി ദ്വീപിനു സമീപം ചരക്കുകപ്പല്‍ പവിഴപ്പുറ്റ് പാറയില്‍ ഇടിച്ചു. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

നിലവില്‍ കപ്പലില്‍ നിന്നു എണ്ണച്ചോര്‍ച്ചയിലെങ്കിലും വരുദിവസങ്ങളില്‍ ഇതിനു സാധ്യതയുണ്ടെന്നും തീരദേശസേന മുന്നറിയിപ്പ് നല്‍കി.

എം വി നന്ദ അപരാജിത എന്ന കപ്പലാണ് പവിഴപ്പുറ്റില്‍ ഇടിച്ചത്. ഇന്ത്യന്‍ സമുദ്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് കവചമാണ് കവരത്തി ദ്വീപിനുചുറ്റുമുള്ളത്. 400 ചതുരശ്ര കിലോമീറ്ററോളമാണിതിന്റെ വ്യാപ്തി.

അപകടകരമായ വിധത്തില്‍ കപ്പല്‍ പവിഴപുറ്റ് പാറയിലേയ്ക്കു ഇടിച്ചുകയറുകയായിരുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് സംഭവം നടന്ന് ഏറെ വൈകിയാണ് പോലിസും തീരദേശസേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ഏതാനും ദിവസം മുമ്പാണ് മുംബൈ തീരത്ത് രണ്ടു കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. സംഭവത്തില്‍ കപ്പലില്‍ നിന്നു വന്‍തോതില്‍ എണ്ണ ചോര്‍ന്നിരുന്നു.