മൊബൈല്‍ കമ്പനിയുടെ പരസ്യത്തിനെതിരെ ബോളിവുഡ് താരം ഷൈനി അഹൂജ കോടതിയെ സമീപിക്കുന്നു. ഷൈനിയെ കളിയാക്കുന്നതാണ് പരസ്യമെന്നാണ് അദ്ദേഹത്തിന്റെ വാദം.

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ഷൈനി ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ്. ‘ വ്യക്തിഹത്യ നടത്തുന്ന തരത്തിലാണ് പരസ്യമൊരുക്കിയത് എന്നതിനാല്‍ ഷൈനി മൊബൈല്‍ കമ്പനിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്’ അദ്ദേഹത്തിന്റെ സഹായി ഡെയ്ല്‍ വാഗ് വാഗര്‍ പറഞ്ഞു. ദീപാലി ആഘോഷങ്ങള്‍ക്കു മുന്നോടിയായി മൈക്രോമാക്‌സ് മൊബൈല്‍ തയ്യാറാക്കിയ പരസ്യത്തിനെതിരെയാണ് ഷൈനി കോടതിയെ സമീപിക്കുന്നത്.

ഷിനെ ബോട്ട് മീ എ ന്യൂ ബ്ലിംങ് (മൊബൈല്‍) എന്ന് പറഞ്ഞുകൊണ്ട് ഒരു പെണ്‍കുട്ടി വരുന്നതാണ് പരസ്യത്തില്‍ കാണുന്നത്. അപ്പോള്‍ മറ്റൊരു കുട്ടി പറയും ‘ അവന്‍ ഒന്ന് എനിക്കും വാങ്ങി തന്നു’. എന്നിട്ട് ആ കുട്ടി മൊബൈല്‍ കാണിച്ചുകൊടുക്കുന്നു. അപ്പോള്‍ വേലക്കാരിയുടെ ഫോണ്‍ റിംങ് ചെയ്യുന്നു. അവരുടെ കയ്യിലും അതേ ഫോണ്‍. പെണ്‍കുട്ടികള്‍ ആശ്ചര്യപ്പെട്ട് നില്‍ക്കുമ്പോള്‍ വേലക്കാരി പറയുന്നു’ എന്താ? സാഹബ് എനിക്കും ഒന്ന് വാങ്ങിച്ചുതന്നു’

തന്നെ കുറ്റക്കാരനാക്കിയ നടപടിക്കെതിരെ ഷൈനി മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഷൈനിയുടെ പേര് ഉപയോഗിച്ച് ഇതുപോലുള്ള പരസ്യം ചെയ്യുന്നത് അദ്ദേഹത്തിനെതിരെ ജനങ്ങളെ തിരിച്ചുവിടാന്‍ സഹായിക്കും. കൂടാതെ ഇത് കോടതീയലക്ഷ്യവുമാണെന്ന് ഷൈനിയുടെ സഹായി കുറ്റപ്പെടുത്തി.

2009ല്‍ വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ ഷൈനിയെ മുംബൈ സെഷന്‍കോടതി ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചതാണ്. പിന്നീട് ഹൈക്കോടതി അദ്ദേഹത്തെ ജാമ്യത്തില്‍വിട്ടു.