Administrator
Administrator
‘തിളക്കമില്ലാത്ത വൈരം’
Administrator
Monday 28th September 2009 2:50pm

pasupathi-vairamടി.എം നവീന്‍

”എന്നെ സാമൂഹിക പ്രതിബദ്ധതയുള്ളവനെന്ന് വിളിക്കരുത്. ഞാന്‍ കച്ചവട സിനിമയെടുക്കുന്നവനാണ്. അത്തരം സിനിമകളെടുക്കുന്നവര്‍ക്കേ നിലനില്‍പ്പുള്ളൂ” തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ തന്റെ പുതിയ ചിത്രമായ വൈരത്തക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തിനിടയിലാണ് സംവിധായകന്‍ എം എ നിഷാദ് ഇതു പറഞ്ഞത്. തന്റെ സിനിമ എന്തെങ്കിലും ഒരു സന്ദേശം മുന്നോട്ട് വക്കുന്നതായിരിക്കുമെന്നും നിഷാദ് പറഞ്ഞു വെച്ചു. എന്നാല്‍ ഇത് കേട്ട് പ്രതീക്ഷകളോടെ ഒരു സന്ദേശമുള്ള കച്ചവട സിനിമ കാണാനായി തിയ്യേറ്ററുകളിലെത്തുകയാണെങ്കില്‍ കാഴ്ചക്കാരന് തെറ്റും. ചിത്രത്തില്‍ ഒരു സന്ദേശമുണ്ട്. എന്നാല്‍ അതു പറയുന്നതിനായി സീനായ സീനുകളിലെല്ലാം അനാവശ്യ ഡയലോഗുകളിലൂടെ ആ സന്ദേശം വലിച്ചു കയറ്റിയിരിക്കുകയാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവമാണ് ചിത്രമാക്കിയതെന്നതാണ് സിനിമക്ക് ആശ്വാസമാവുന്നതും. യഥാര്‍ഥ ജീവിതകഥ സിനിമയാക്കുമ്പോള്‍ അതില്‍ കച്ചവടച്ചേരുവകള്‍ ചേര്‍ക്കുന്നതിന് പരിധിയുണ്ടെന്നു പറഞ്ഞ് സംവിധായകന് രക്ഷപ്പെടാം. പക്ഷേ താന്‍ കച്ചവട സിനിമയെടുക്കുന്നയാളാണെന്ന് പറഞ്ഞുവെച്ചതിലൂടെ ആ രക്ഷപ്പെടലിനും നിഷാദ് തന്നെ തടയിട്ടു.

കോളിളക്കമുണ്ടാക്കിയ ജോസ് വധക്കേസിന്റെ പിന്നിലുള്ള കഥയറിയാന്‍ ഇന്ത്യാടൈംസിന്റെ റിപ്പോര്‍ട്ടറായ ആനി ജോസഫ്(സംവൃതസുനില്‍) നടത്തുന്ന അന്വേഷണത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഇതിനായി അവരെ അഡ്വ.രവി വര്‍മ്മയും(സുരേഷ് ഗോപി) സഹായിക്കുന്നു. തൊടുപുഴയിലെ മുതലാളിക്കുടുംബമായ തളിക്കുളം വീട്ടിലെ ജോസ്‌കുട്ടിയുടെ കൊലപാതകത്തിനു പിന്നിലുള്ള കഥയാണ് ആനി അന്വേഷിക്കുന്നത്. ബാങ്ക് മാനേജരായ തമിഴ്‌നാട്ടുകാരന്‍ ശിവരാജന്റെയും(പശുപതി) മലയാളിയായ ഭാര്യ ദേവിയുടെയും (മീരവാസുദേവ്) ഏകമകളാണ് മണിക്കുട്ടി എന്നു വിളിക്കുന്ന വൈരമണി(ധന്യമേരി). ഇരുവരുടെയും എല്ലാ പ്രതീക്ഷകളും മണിക്കുട്ടിയിലാണ്.

സ്ഥലം മാറ്റം കിട്ടി പൊള്ളാച്ചിയില്‍ നിന്നും തൊടുപുഴയിലെത്തുന്ന ശിവരാജന് പക്ഷേ അവിടെ നല്ല അനുഭവങ്ങളല്ല ഉണ്ടായത്. തൊടുപുഴയിലെ മുതലാളിമാരായ ജോസ് കുട്ടിയും(ജയസൂര്യ) ജോര്‍ജ്ജ് കുട്ടിയുമാണ്(അശോകന്‍) ശിവരാജന് വേണ്ട സഹായങ്ങളെല്ലാം നല്‍കിയത്. പണക്കാരനായ ഒരു മുതലാളിക്ക് വേണ്ട എല്ലാ ദു:ശ്ശീലങ്ങളുമുള്ളയാളാണ് ജോസ്‌കുട്ടി. ജ്യേഷ്ഠന്‍ ജോര്‍ജ്ജ്കുട്ടിയാകട്ടെ ഇയാള്‍ക്ക് എല്ലാ സഹായവും നല്‍കും. ഇതിന്റെ പേരില്‍ ഒരുപാട് ശത്രുക്കളും ഇവര്‍ക്കുണ്ട്. പക്ഷേ ഒരുഘട്ടത്തില്‍ ജോര്‍ജ്ജ് കുട്ടി ചെയ്യുന്ന ഒരു കുറ്റം ശിവരാജന്റെ ജീവിതത്തെത്തന്നെ മാറ്റി മറിക്കുന്നു. പിന്നീട് അതിന് പ്രതികാരം ചെയ്യാനായി അയാളുടെ ശ്രമം. പ്രതികാരം ചെയ്യുമെങ്കിലും അതിന്റെ പേരില്‍ അയാള്‍ക്ക് പിന്നെയും ഭീഷണികളുണ്ടാവുന്നു. ഈ പ്രതികാരത്തിനു പിന്നിലുള്ള യഥാര്‍ഥ കാരണങ്ങളന്വേഷിച്ചായിരുന്നു ആനിയുടെ യാത്ര.

ഒരു യഥാര്‍ഥ കഥ സിനിമയാക്കുന്നു എന്ന പരസ്യവാചകത്തോടെയായിരുന്നു ചിത്രം തിയ്യേറ്ററുകളിലെത്തിയത്. അതുകൊണ്ട് തന്നെ ഉദ്വേഗജനകമായ ഒരു അന്ത്യത്തിനായി പ്രേക്ഷകന് കാത്തിരിക്കേണ്ടി വരുന്നില്ല. മറിച്ച് എങ്ങിനെ ആ അന്ത്യത്തിലേക്ക് ചിത്രത്തെ എത്തിച്ചു എന്നറിയുക മാത്രമായിരുന്നു ലക്ഷ്യം. കച്ചവട സിനിമയാണല്ലോ, പാട്ടും ഡാന്‍സും കോമഡിയിമൊക്കെയായി ചിത്രം മുന്നോട്ട് പോകുന്നുണ്ട്. നീതി എന്നായാലും അത് അര്‍ഹിക്കുന്നവന് ലഭിക്കും, ഏത് വഴിയിലൂടെയാണെങ്കിലും, അതാണ് ചിത്രത്തിലെ സന്ദേശം. പക്ഷേ ഈ സന്ദേശം വക്കീലിന്റെയും പത്രപ്രവര്‍ത്തകയുടെയും പോലീസിന്റെയുമെല്ലാം വായില്‍ തിരുകിക്കൊടുത്ത് ചില സമയങ്ങളിലൊക്കെ അലോസരമുണ്ടാക്കുന്നുണ്ട്. പല സീനുകളിലുമുണ്ടാകുന്ന അനാവശ്യ ദൈര്‍ഘ്യവും പ്രേക്ഷകനെ ബോറടിപ്പിക്കും. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയുമൊന്നും പരിചയസമ്പത്ത് ഇത് പരിഹരിക്കാന്‍ സഹായകരമാകുന്നില്ല. ആദ്യഭാഗം മുഴുവനും ഫ്‌ളാഷ്ബാക്കായും രണ്ടാം പകുതിയില്‍ വര്‍ത്തമാന കാലത്തിലൂടെയുമാണ് കഥ പറയുന്നത്. ഇവ രണ്ടും തമ്മില്‍ ബാലന്‍സ് ചെയ്യാന്‍ നിഷാദിനായിട്ടുണ്ട്. ട്വിസ്റ്റുകളുടെ അതിപ്രസരമില്ലാതെയായിരുന്നു ഈ ബാലന്‍സിങ്.

മുന്‍ചിത്രങ്ങളില്‍ നിന്നും നിഷാദ് പാഠങ്ങളുള്‍ക്കൊണ്ടിട്ടുണ്ടെന്നത് സത്യം. അതു കൊണ്ട് തന്നെ കുടുംബങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന പലതും ചിത്രത്തിലുണ്ട്.പക്ഷേ വൈകാരികമായ നിമിഷങ്ങള്‍ പോലും ചില സമയങ്ങളില്‍ പ്രേക്ഷകനിലെത്താനാവാത്ത വിധത്തിലായിപ്പോവുന്നുണ്ട്. ചെറിയാന്‍ കല്‍പകവാടിയുടെ തിരക്കഥയില്‍ യാതൊരു പുതുമയും അവകാശപ്പെടാനില്ല. അഭിനേതാക്കളില്‍ പശുപതി മാത്രമാണ് മികച്ചു നില്‍ക്കുന്നത്. എന്നാല്‍ ചിത്രത്തിലെ പശുപതിയുടെ പല മാനറിസങ്ങളും അതിനേക്കാളും മനോഹരമായി തമിഴിലിറങ്ങിയ ‘വെയിലില്‍’ കാണാം. വിജയരാജനെന്ന കഥാപാത്രത്തിന് ശബ്ദം കൊടുത്തതും പശുപതിയാണ്. എത്ര വിമര്‍ശിച്ചാലും തമിഴ്‌നാട്ടുകാരന്‍ മലയാളം പറയുന്നതിന്റെ സ്വാഭാവികതക്കാണ് ഇങ്ങിനെ ചെയ്തതെന്ന് ന്യായം പറയാം. പക്ഷേ ‘ഒരു യാത്രാമൊഴി’യില്‍ ശിവാജിഗണേശന്‍ തമിഴ് മാത്രം പറഞ്ഞ് മലയാളിപ്രേക്ഷകനെ കൈയിലെടുത്തത് വെറുതെ ഓര്‍ക്കുന്നത് നല്ലതാണ്. സംവൃതസുനിലും സുരേഷ്‌ഗോപിയും പോലും ചില സമയങ്ങളില്‍ കഥാപാത്രത്തില്‍ നിന്നും മാറിനില്‍ക്കുന്ന പോലെ തോന്നുന്നു.

സുരേഷ് ഗോപിയെ ഏറ്റവും സംയമനത്തോടെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചതെന്ന് സംവിധായകന്‍ പറയുന്നു. പക്ഷേ വലിയ ശരീരവും വച്ച് ചെറിയ കോമഡികളുമായുള്ള സുരേഷ്‌ഗോപിയുടെ പ്രകടനം കുറച്ചു നാളുകളായി അദ്ദേഹം തുടരുന്നതിന്റെ ആവര്‍ത്തനമാണ്. ജയസൂര്യയും അശോകനും മീരാവാസുദേവുമൊക്കെ അവരുടെ കഴിവിന്റെ ചെറിയ ശതമാനം പോലും പുറത്തെടുത്തോയെന്ന് സംശയം വരാം. ജോസ് വധം അന്വേഷിക്കാനെത്തുന്ന മുകേഷിന്റെ കഥാപാത്രത്തിന് ഈയടുത്ത കാലത്തിറങ്ങിയ ‘എസ് എം എസ്’ എന്ന സിനിമയിലുണ്ടായിരുന്ന അതേ സ്റ്റൈലാണ്. അതില്‍നിന്നും ആകെയൊരു വ്യത്യാസമുള്ളത് ‘വൈര’ത്തിലെ മുകേഷിന്റെ ഈരാളി തോമസ് എന്ന കഥാപാത്രം ചില കോമഡികളൊക്കെ പറയും എന്നത് മാത്രമാണ്. ജോസ്‌കുട്ടിയുടെ മാതാപിതാക്കളായി അഭിനയിക്കുന്നത് തിലകനും കെ പി എ സി ലളിതയുമാണ്. അഭിനയത്തിന്റെ കാര്യത്തില്‍ അല്‍പം ആശ്വാസം പകരുന്നതും ഇവരാണ്. എന്നാല്‍ ചില സമയങ്ങളില്‍ ഇവരും പ്രേക്ഷകനെ നിരാശപ്പെടുത്തിയെന്നതാണ് സത്യം. പുതുമുഖമായ ധന്യമേരിയുടെ അഭിനയവും ശരാശരിയാണ്. തലപ്പാവില്‍ തായുണ്ടായ അഭിനയത്തിന്റെ ഏഴയലത്തെത്തുന്നില്ല ‘വൈര’ത്തില്‍.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ നല്‍കിയ സംഗീതം ചിത്രത്തില്‍ മികച്ചു നിന്നു. എല്ലാം തന്നെ സിനിമയിലെ സന്ദര്‍ഭങ്ങള്‍ ആവശ്യപ്പെട്ട ഗാനങ്ങളായിരുന്നു. ഓരോ സീനും വേണ്ടതെല്ലാം ഉള്‍പ്പെടുത്തിയായിരുന്നു സഞ്ജീവ് ശങ്കറിന്റെ ഛായാഗ്രഹണം. ഒറ്റവാക്കില്‍, നാളുകളായി തുടര്‍ന്നു വരുന്ന പുത്തന്‍ അനുഭവങ്ങളൊന്നും സമ്മാനിക്കാത്ത കുടുംബചിത്രങ്ങളുടെ ശ്രേണിയിലേക്ക് ഒന്നു കൂടിയെന്ന് വൈരത്തെ വിശേഷിപ്പിക്കാം.


Advertisement