ന്യൂദല്‍ഹി: ആര്‍.എസ്.എസ് ഹിന്ദു തീവ്രവാദം വളര്‍ത്തുകയാണെന്ന പരാമര്‍ശം നടത്തിയതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഖേദം പ്രകടിപ്പിച്ചു. ജയ്പൂരില്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ വെച്ച് നടത്തിയ എന്റെ പ്രസ്താവന തെറ്റിധരിക്കുകയായിരുന്നുവെന്നും ഒരു മതത്തേയും തീവ്രവാദവുമായി ബന്ധപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഷിന്‍ഡെ വ്യക്തമാക്കി.

Ads By Google

രാജ്യത്ത് ആര്‍.എസ്.എസ് ഹിന്ദു തീവ്രവാദം വളര്‍ത്തുകയാണെന്നും ആര്‍.എസ്.എസ് ബി.ജെ.പി പരിശീലന ക്യാമ്പുകളില്‍ നടക്കുന്നത് തീവ്രവാദപരിശീലനമാണെന്നുമുള്ള ഷിന്‍ഡെയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ഹിന്ദു താവ്രവാദമല്ല ഞാന്‍ ഉദ്ദേശിച്ചതെന്നും കാവിഭീകരതയാണെന്ന് തിരുത്തി പറഞ്ഞിട്ടും ബി.ജെ.പി വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല.

പ്രസ്താവന പിന്‍വലിക്കുകയോ മാപ്പുപറയുകയോ രാജിവെക്കുകയോ ചെയ്തില്ലെങ്കില്‍ ഷിന്‍ഡെയെ പാര്‍ലമെന്റില്‍ ബഹിഷ്‌കരിക്കാനായിരുന്നു ബി.ജെ.പിയുടെ തീരുമാനം. പ്രസ്താവന പിന്‍വലിക്കാന്‍ കോണ്‍ഗ്രസില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിട്ടും ഷിന്‍ഡെ വഴങ്ങിയിരുന്നില്ല. എന്നാല്‍ ലോക്‌സഭ തുടങ്ങുന്നതിന് മുന്നോടിയായി ബി.ജെ.പി നിലപാട് കര്‍ശനമാക്കിയപ്പോള്‍ കോണ്‍ഗ്രസിന് അകത്തു നിന്നും സമ്മര്‍ദ്ദം വരികയായിരുന്നു.

ലോക്‌സഭയിലെ നേതാവും ആഭ്യന്തര മന്ത്രിയുമായ ഷിന്‍ഡെയെ ബഹിഷ്‌കരിച്ചാല്‍ സഭാ സമ്മേളനം സുഗമമായി മുന്നോട്ടു പോകുന്നതിന് പ്രയാസമുണ്ടാക്കുമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനകത്ത് ഉണ്ടായതിനെത്തുടര്‍ന്നാണ് ഖേദ പ്രകടനത്തിന് തയ്യാറാവുകയായിരുന്നു.

കഴിഞ്ഞ ജനുവരി 20 ന് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലാണ് ആര്‍.എസ്.എസ് ബി.ജെ.പി പരിശീലക്യാമ്പുകള്‍ ഹിന്ദു തീവ്രവാദം വളര്‍ത്തുകയാണെന്നും രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്തിയ ശേഷം അവ ന്യൂനപക്ഷങ്ങളുടെ മേല്‍ കെട്ടിവെയ്ക്കുകയാണെന്നും ഷിന്‍ഡെ പറഞ്ഞിരുന്നു.

മലേഗാവ്, മക്ക മസ്ജിദ് സ്‌ഫോടനങ്ങള്‍ ഇതിന് ഉത്തമ ഉദാഹരണമാണെന്നും ഷിന്‍ഡെ പറഞ്ഞു. മാലേഗാവ് സ്‌ഫോടനത്തെ കുറിച്ചും മക്ക മസ്ജിദ് സ്‌ഫോടനത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സ്‌ഫോടനത്തിന് പിന്നില്‍ ആര്‍.എസ്.എസിനുള്ള പങ്ക് വ്യക്തമായതാണ്.

ഇതിന്റെ എല്ലാ തെളിവും കേന്ദ്ര സര്‍ക്കാരിന്റെ പക്കലുണ്ട്. ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും പരിശീലന ക്യാമ്പുകള്‍ ഹിന്ദുത്വ തീവ്രവാദം വളര്‍ത്തുന്നുവെന്നത് ആശങ്കാജനകമാണെന്നുമാണ് ഷിന്‍ഡെ ചിന്തന്‍ ശിബിരത്തില്‍ പറഞ്ഞത്.