എഡിറ്റര്‍
എഡിറ്റര്‍
ഹൈദരാബാദ് സ്‌ഫോടന സ്ഥലം ഷിന്‍ഡെ സന്ദര്‍ശിച്ചു
എഡിറ്റര്‍
Friday 22nd February 2013 11:25am

ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തില്‍ ഇരട്ട സ്‌ഫോടനങ്ങളുണ്ടായ സ്ഥലങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സന്ദര്‍ശനം നടത്തി.

Ads By Google

ആന്ധ്ര പ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍, മുഖ്യമന്ത്രി എന്‍.കിരണ്‍ കുമാര്‍ റെഡ്ഡി, സംസ്ഥാന ആഭ്യന്തര മന്ത്രി സബിതാ ഇന്ദ്ര റെഡ്ഡി, ദേശീയ അന്വേഷണ ഏജന്‍സി ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കേന്ദ്ര മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ദല്‍ഹിയില്‍ നിന്നും പുലര്‍ച്ചെ ഹൈദരാബാദിലെത്തിയ ഷിന്‍ഡെ വളരെ പെട്ടെന്ന് സ്‌ഫോടന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങി.

സ്‌ഫോടനത്തില്‍ 14 പേര്‍ മരിക്കുകയും 119 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഷിന്‍ഡെ സ്ഥിരീകരിച്ചു. പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ഏതെങ്കിലും ഒരു പ്രത്യേക തീവ്രവാദ സംഘടനയെ മാത്രം കേന്ദ്രീകരിച്ചല്ല അന്വേഷണം മുന്നോട്ടു പോകുന്നതെന്നും ഷിന്‍ഡെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച  ആശുപത്രികളിലും ഷിന്‍ഡെ സന്ദര്‍ശനം നടത്തി. സ്‌ഫോടനത്തിന്റെഅന്വേഷണം സംബന്ധിച്ച് ആന്ധ്രപ്രദേശ് ഡി.ജി.പി ദിനേശ് റെഡ്ഡിയുമായി അദ്ദേഹം ചര്‍ച്ച നടത്തി.

പൊലീസിന്റെഭാഗത്തുനിന്നും വീഴ്ച സംഭവിച്ചതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഹൈദരാബാദില്‍ 14 പേരുടെ മരണത്തിനിടയാക്കിയ ഇരട്ടസ്‌ഫോടനത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അപലപിച്ചു. സാധാരണക്കാര്‍ക്ക് നേരെ നടത്തുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി വാര്‍ത്താകുറിപ്പിലൂടെയാണ് മൂണ്‍ അറിയിച്ചത്.

രാജ്യത്തിന്റെയും സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും മൂണ്‍ കുറിപ്പില്‍ പറയുന്നു.

Advertisement