എഡിറ്റര്‍
എഡിറ്റര്‍
ആസാം പ്രശ്‌നം സിനിമാക്കഥയല്ല: ജയാ ബച്ചന് ഷിന്‍ഡെയുടെ മറുപടി
എഡിറ്റര്‍
Friday 10th August 2012 8:50am

ന്യൂദല്‍ഹി: ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ രാജ്യസഭയില്‍ നടത്തിയ പരാമര്‍ശം വിവാദമായി. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ചോദ്യോത്തര വേളയിലാണ് സംഭവം. ആസാമിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഷിന്‍ഡെ.

Ads By Google

വിദേശികളെ പുറത്താക്കുക  എളുപ്പമുള്ള പണിയല്ലെന്ന് പറഞ്ഞ് തുടങ്ങിയ ഷിന്‍ഡെ കലാപം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ തൊട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കൊതുകുതിരി വിതരണം ചെയ്തതുവരെ വിശദീകരിച്ചുകൊണ്ടുള്ള പ്രസ്താവന വായിക്കുകയാണ് ചെയ്തത്. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നടത്തിയ പ്രസ്താവന തന്നെയായിരുന്നു ഇത്.

എന്നാല്‍ മന്ത്രി അംഗങ്ങളുടെ ചോദ്യത്തിനല്ല മറുപടി പറയുന്നതെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് സമാജ്‌വാദി പാര്‍ട്ടി അംഗവും സിനിമാതാരവുമായ ജയാ ബച്ചന്‍ ഇടപെട്ടു. ഇതില്‍ പ്രകോപിതനായി ഷിന്‍ഡെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ആസാം പ്രശ്‌നം ഗൗരവമുള്ള വിഷയമാണ്. സിനിമാക്കഥയല്ലെന്നായിരുന്നു ജയയ്ക്ക് ഷിന്‍ഡെ നല്‍കിയ മറുപടി.

ഇതോടെ പ്രതിപക്ഷമൊന്നാകെ ഇളകിമറിഞ്ഞു. അംഗത്തെ അപമാനിച്ച മന്ത്രി മാപ്പ് പറയാതെ സഭ നടത്താന്‍ അനുവദിക്കില്ലെന്ന് ചിലര്‍ മുദ്രാവാക്യം മുഴക്കി. ബഹുമാന്യയായ വ്യക്തിയാണ് ജയാ ബച്ചന്‍. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ നിരുത്തരവാദപരമായ പരാമര്‍ശമാണ് ഷിന്‍ഡെ നടത്തിയത്. ഇത് അംഗീകരിക്കാനാകില്ല- പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

ഇതേത്തുടര്‍ന്ന് മന്ത്രി വിശദീകരണവുമായി എഴുന്നേറ്റു. ആദ്യഘട്ടത്തില്‍ സ്വയം ന്യായീകരിക്കാനാണ് മന്ത്രി ശ്രമിച്ചത്. തന്റെ സംസാരം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ജയാ ബച്ചന്‍ അച്ചടക്കമില്ലാത്ത  പ്രവൃത്തിയാണ് കാണിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതുകൂടിയായതോടെ അംഗങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.

നില്‍ക്കക്കള്ളിയില്ലാതെ ഒടുവില്‍ മന്ത്രി ക്ഷമാപണം നടത്തി. ജയാ ബച്ചനെ തന്റെ പരാമര്‍ശം വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജയ തന്റെ സഹോദരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം മന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ലോക്‌സഭയിലും പ്രതിഷേധം അരങ്ങേറിയിരുന്നു.

പഠിച്ച പാഠങ്ങള്‍ പരീക്ഷാത്തലേന്ന് ഓര്‍ത്തെടുക്കുന്ന വിദ്യാര്‍ത്ഥിയെപ്പോലെയാണ് മന്ത്രി ഷിന്‍ഡെ സംസാരിക്കുന്നതെന്ന് ബി.ജെ.പി അംഗം ബല്‍ബീര്‍ പുഞ്ച് തുറന്നടിച്ചിരുന്നു.

Advertisement