Categories

‘ഞങ്ങടെ ചട്ടിയില്‍ എന്ത് വേവണമെന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്’; കന്നുകാലി കശാപ്പു നിരോധനത്തിനെതിരെ ചോദ്യ ശരങ്ങളുമായി ഷിംന അസീസ്

കോഴിക്കോട്: കന്നുകാലി കശാപ്പു നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര വി്ജഞാപനത്തിനെതിരെ സോഷ്യല്‍ മീഡിയയ്ക്ക് അകത്തും പുറത്തും പ്രതിഷേധം വ്യാപകമാവുകയാണ്. തീരുമാനത്തിനെതിരെ നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ് കേന്ദ്രത്തോടുള്ള ഡോ.ഷിംന അസീസിന്റെ ചോദ്യോത്തര രൂപത്തിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ്.

‘റംസാന്‍ തുടങ്ങുകയാണ്, കൃത്യമായി ഇന്ന് തന്നെ കശാപ്പ് നിരോധിച്ചത്?
അത് യാദൃശ്ചികം – Co-incidence, ഈ പറഞ്ഞ വാലിന്റെ ഉടമസ്ഥരെ മുഴുവന്‍ കൃഷിക്കായി ഉപയോഗിക്കാമോ? തീര്‍ച്ചയായും. Do not kill, അല്‍- ക്രൂരത. കോഴിയെ കൊല്ലുന്നത് ക്രൂരതയല്ലേ? പിന്നേ, എത്ര കിളി വെറുതേ വെയില് കൊണ്ട് ബിപി കുറഞ്ഞ് വീണ് ചാവുന്നു, പിന്നാ!’ എന്നിങ്ങനെയാണ് ഷിംനയുടെ ചോദ്യങ്ങള്‍ പോകുന്നത്.


Also Read: തിരുവനന്തപുരത്ത് വന്‍ എ.ടി.എം കൊള്ള; ഗ്യാസ് കട്ടറുപയോഗിച്ച് എ.ടി.എം തകര്‍ത്ത് കവര്‍ന്നത് പത്തര ലക്ഷം രൂപ


റംസാന്‍ ഇറച്ചി തിന്നാനല്ല ചേട്ടാ…വിശപ്പിന്റെ വില അറിയാനും ദൈവത്തോടടുക്കാനും ആത്മീയ ശുദ്ധീകരണത്തിനുമാണ്. അത് ഞങ്ങളുടെ വിശ്വാസം. ഇപ്പോള്‍ കൃത്യമായി ഈ നേരം നോക്കി ഇപ്പണി ചെയ്തത് അടിച്ചേല്‍പ്പിക്കലിന്റെ, പ്രത്യേകിച്ച് ഒരു സമുദായത്തെ നോട്ടമിട്ടുള്ള അടിച്ചേല്‍പ്പിക്കലിന്റെ ആദ്യപടിയായത് കൊണ്ട് മാത്രം പ്രതിഷേധിക്കുന്നുവെന്നും ഷിംന പറയുന്നു.

ഷിംനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വാല്‍ക്കഷ്ണം: (പശൂന്റെയോ പോത്തിന്റെയോ കിടാവിന്റെയോ കാളയുടേയോ പോത്തിന്റെ ഭാര്യയായ എരുമയുടെയോ ഒട്ടകത്തിന്റെയോ ആവാം.ഒട്ടകത്തിനെ എന്തിനാണോ കൂടെ കൂട്ടിയത് ! ആടിന്റേം പന്നിയുടേം പറ്റൂല. കോഴിക്ക് വാലില്ലല്ലോ, തൂവലല്ലേ. മീനിനെ വാലിന് പിടിച്ച് നിലത്തടിച്ച് കൊല്ലുന്നത് പുണ്യപ്രവര്‍ത്തിയാണോന്നും തംശ്യം !)
1) റംസാന്‍ തുടങ്ങുകയാണ്, കൃത്യമായി ഇന്ന് തന്നെ കശാപ്പ് നിരോധിച്ചത്?
അത് യാദൃശ്ചികം – Co-incidence
2)ഈ പറഞ്ഞ വാലിന്റെ ഉടമസ്ഥരെ മുഴുവന്‍ കൃഷിക്കായി ഉപയോഗിക്കാമോ?
തീര്‍ച്ചയായും. Do not kill, അല്‍- ക്രൂരത.
3) കോഴിയെ കൊല്ലുന്നത് ക്രൂരതയല്ലേ?
പിന്നേ, എത്ര കിളി വെറുതേ വെയില് കൊണ്ട് ബിപി കുറഞ്ഞ് വീണ് ചാവുന്നു, പിന്നാ !
3) ഈ കൃഷിക്കുപയോഗിക്കാന്ന് പറയുമ്പോ, ഈ കലപ്പയൊക്കെ കെട്ടി..അല്ലെങ്കില്‍ വണ്ടി വലിക്കാന്‍?
അതന്നെ !
അപ്പോ അവര്‍ക്ക് വേദനിക്കൂലാ? നോ ക്രൂരത?
നഹി നഹി.
4)ഞങ്ങടെ അടുക്കളയില്‍ ഉണ്ടാക്കുന്ന മെനു നിങ്ങള്‍ക്ക് സമര്‍പ്പിച്ച് verify ചെയ്യേണ്ടി വരുമോ?
ചെക്ക് ചെയ്യാന്‍ മാത്രം ഉദ്യോഗസ്ഥര്‍ ഇല്ലാത്തത് കൊണ്ട് മാത്രം, തല്‍ക്കാലത്തേക്ക് വേണ്ട.
5) അടുത്ത പടി എന്തായിരിക്കും…?
ഓരോ വീട്ടിലും തൊഴുത്ത്, തൊഴുത്തില്‍ എസി, അവയ്ക്ക് കുളിക്കാന്‍ ഷവര്‍ സൗകര്യം, ആംബുലന്‍സ്, മൊബൈല്‍ ഐസിയു, ഓരോ വാര്‍ഡിലും പശുക്കള്‍ക്ക് ഓടിക്കളിക്കാന്‍ പുല്‍മേടുകള്‍.
6) അപ്പോ മനുഷ്യരോ?
അവിടെങ്ങാന്‍ പോയി കിട…ഹല്ല പിന്നെ
7) അപ്പോ തലമുറകളായി ഈ തൊഴില്‍ ചെയ്യുന്നോര്?
പോയി വേറെ പണി നോക്കാന്‍ പറ. Thatz all
3)വിറ്റ മാടിനെ കൊന്നുകൂടാ, വീട്ടിലുള്ളതിനെ കൊല്ലാം എന്ന് പറഞ്ഞത്?
Yes yes. നാളെത്തൊട്ട് ജോലിക്ക് ആശുപത്രിയില്‍ പോവേണ്ട, മൂപ്പരെ ഓഫീസിലേക്കും വിടേണ്ട. രണ്ടാളും പോത്തിനെ മേയ്ക്കാന്‍ പോകൂ. പെരുന്നാളിന് മൂപ്പരോട് തന്നെ അറുത്ത് തരാന്‍ പറഞ്ഞോളൂ.
ജയ് ഗോമാതാ (ശ്ശോ ! ആരേലും കേട്ടോ ??)
ശരിക്കും വാല്‍: റംസാന്‍ ഇറച്ചി തിന്നാനല്ല ചേട്ടാ…വിശപ്പിന്റെ വില അറിയാനും ദൈവത്തോടടുക്കാനും ആത്മീയ ശുദ്ധീകരണത്തിനുമാണ്. അത് ഞങ്ങളുടെ വിശ്വാസം. ഇപ്പോള്‍ കൃത്യമായി ഈ നേരം നോക്കി ഇപ്പണി ചെയ്തത് അടിച്ചേല്‍പ്പിക്കലിന്റെ, പ്രത്യേകിച്ച് ഒരു സമുദായത്തെ നോട്ടമിട്ടുള്ള അടിച്ചേല്‍പ്പിക്കലിന്റെ ആദ്യപടിയായത് കൊണ്ട് മാത്രം പ്രതിഷേധിക്കുന്നു.
ഞങ്ങടെ ചട്ടിയില്‍ എന്ത് വേവണമെന്ന് നിങ്ങള്‍ തീരുമാനിക്കുന്നതിന്റെ അടുത്ത പടിയായി രാജ്യത്തിന്റെ പേര് മാറ്റി വേറെ വല്ലതുമാക്കുമല്ലോ…അല്ല, ഇനിയിപ്പോ എന്തൊക്കെ നിയമമാ വരുന്നേന്ന് പറയാമ്പറ്റൂല്ലേ !