തിരുവനന്തപുരം: തന്റെ സിനിമയായ ശിക്കാറിലൂടെ നക്‌സലിസത്തെ ന്യായികരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സംവിധായകന്‍ പത്മകുമാര്‍. നക്‌സല്‍ പ്രസ്ഥാനത്തിന്റെ പശ്ചാത്തലം ശിക്കാര്‍ എന്ന സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ അത് നക്‌സലിസത്തെ ന്യായികരിക്കാനോ പ്രധാന ചര്‍ച്ചാ വിഷയമാക്കാനോ അതു നല്ലതാണെന്ന സന്ദേശം നല്‍കാനോ ഉദ്ധേശിച്ചായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നക്‌സലിസം എന്ന സാമൂഹിക യാഥാര്‍ഥ്യത്തെ പൂര്‍ണമായും തള്ളിക്കളയാന്‍ സാധിക്കില്ല. ആയിരക്കണക്കിനാളുകള്‍ പട്ടിണി കിടക്കുന്ന നാട്ടില്‍ ഭക്ഷ്യധാന്യങ്ങള്‍ കടലില്‍ തള്ളുന്നത് നക്‌സലിസത്തിന് അലുകൂലമായ ചിന്താഗതിയുണ്ടാക്കും. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Subscribe Us:

അച്ഛനെ കൊന്നയാളോടു മകനു തോന്നുന്ന പ്രതികാര ചിന്ത സിനിമയുണ്ടായ കാലം മുതല്‍ പഴക്കമുള്ള പ്രമേയമാണ്. ആ കഥാ തന്തുവിനെ പുതിയ രീതിയില്‍ ആവിഷ്‌കരിക്കാനാണു നക്‌സല്‍ പ്രസ്ഥാനത്തിന്റെ പശ്ചാത്തലം ഉപയോഗിച്ചിരിക്കുന്നതെന്നും പത്മകുമാര്‍ വ്യക്തമാക്കി.’നാടോടികളി’ലെ നല്ലമ്മ എന്ന കഥാപാത്രത്തിന് ശേഷം ലഭിച്ച ശക്തമായ വേഷമാണ് ‘ശിക്കാറി’ലേതെന്ന് നടി അനന്യ പറഞ്ഞു.

തിരക്കഥാകൃത്ത് എസ്. സുരേഷ്ബാബു, നായിക അനന്യ, ഗായകന്‍ സുദീപ് കുമാര്‍, നടന്‍ കൊച്ചുപ്രേമന്‍ എന്നിവര്‍ മുഖാമുഖത്തില്‍ പങ്കെടുത്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് എം. സുബൈര്‍ അധ്യക്ഷനായിരുന്നു