റിയാദ്: ശിഫ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേരളോല്‍സവം-2017 സംഘടിപ്പിക്കുന്നു. ബലിപ്പെരുന്നാള്‍ അവധിയോട് അനുബന്ധിച്ച് അല്‍ഖൈര്‍ അല്‍ഉവൈദ ഇസ്തിറാഹയില്‍ ഇന്നു നടക്കുന്ന കേരളോല്‍സവം പ്രവാസികള്‍ക്കു നവ്യാനുഭവമാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നാട്ടില്‍ നിന്നെത്തിയ നവാഗത ഗായകന്‍ സ്റ്റാര്‍സിംഗര്‍ ശ്രീനാഥും സൗദിയിലെ പ്രമുഖ ഗായിക ആശാ സിജുവും ചേര്‍ന്നൊരുക്കുന്ന സംഗീത സന്ധ്യ ആഘോഷങ്ങള്‍ക്കു മിഴിവേകും. റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും 700 പ്രവര്‍ത്തകരും ഉള്‍പ്പടെ 1500ല്‍ അധികം പേര്‍ പങ്കെടുക്കുന്ന കേരളോല്‍സവം വിജയകരമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

സംഘടനയുടെ നേതൃത്വത്തില്‍ മരണാനന്തര കുടുംബ സഹായം, ഭവന പദ്ധതി, ചികില്‍സാ സഹായം, പെണ്‍മക്കളുടെ കല്യാണ പദ്ധതി, പെന്‍ഷന്‍, കുടുംബ ചികില്‍സാ സഹായം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. സ്വദേശിവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യം വച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടുണ്ട്.

പ്രോഗ്രാം കണ്‍വീനര്‍ കെ ടി അലി ഷൊര്‍ണൂര്‍, പ്രസിഡന്റ് ഫ്രാന്‍സിസ് സി ടി, ആക്റ്റിങ് സെക്രട്ടറി പ്രകാശ് ബാബു, രക്ഷാധികാരി ബാബു കൊടുങ്ങല്ലൂര്‍, പ്രകാശ് ബാബു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.