എഡിറ്റര്‍
എഡിറ്റര്‍
ഭൂപരിഷ്‌കരണ നിയമത്തില്‍ കാലോചിതമായ മാറ്റം വരുത്തണം: ഫേസ്ബുക്കില്‍ ഷിബു ബേബി ജോണ്‍
എഡിറ്റര്‍
Thursday 6th September 2012 10:27am

തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമത്തില്‍ കാലോചിതമായ മാറ്റം വരുത്തണമെന്ന ആവശ്യവുമായി മന്ത്രി ഷിബു ബേബിജോണ്‍. എമേര്‍ജിങ് കേരളാ പദ്ധതി ഭൂപരിഷ്‌കരണ നിയമത്തിന്റെ കടയ്ക്കല്‍ കത്തിവെക്കലാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് നിലവിലുള്ള ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഷിബു ബേബിജോണ്‍ രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഈ അഭിപ്രായ പ്രകടനം നടത്തിയത്.

ഭൂപരിഷ്‌കരണ നിയമവും നടപടികളും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും തിളക്കമാര്‍ന്ന കാല്‍വെയ്പ്പുകളാണെന്ന് പറയുന്ന മന്ത്രി കാര്‍ഷിക മേഖലയില്‍ ഇതിന്റെ ഗുണഫലങ്ങള്‍ വേണ്ടത്ര പ്രതിഫലിച്ചിട്ടില്ലെന്ന് വിമര്‍ശിക്കുന്നു.

‘കൃഷിക്കാരന്‍ ഉടമയായിട്ടും എന്തേ നമ്മുടെ കാര്‍ഷിക മേഖല വളര്‍ന്നില്ല. എന്തേ ഭൂരഹിതരുടെ എണ്ണം വീണ്ടും പെരുകി? ‘ മന്ത്രി ചോദിക്കുന്നു.

ഭൂസ്വാമിമാരും ഇടനിലക്കാരും തലപൊക്കാന്‍ കാരണവും ഈ നിയമം പരിഷ്‌കരിക്കാത്തതാണെന്ന് മന്ത്രി ലേഖനത്തിലൂടെ വിമര്‍ശിക്കുന്നുണ്ട്.

എമേര്‍ജിങ് കേരളയല്ല റീ എമര്‍ജിങ് കേരളയാണ് കേരളത്തില്‍ വരേണ്ടതെന്നും മന്ത്രി പറയുന്നു. എമേര്‍ജിങ് കേരളയെ വിമര്‍ശിക്കുന്നവര്‍ അപ്രസക്തമായ വിഷയങ്ങള്‍ ഉയര്‍ത്തി പൊതുസമൂഹത്തില്‍ സാന്നിധ്യമുറപ്പിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. ഒന്നര വര്‍ഷമായിട്ടും കേരളത്തിലെ അവസ്ഥയില്‍ കാര്യമായ മാറ്റം വരുത്താന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു.

വിനോദ സഞ്ചാര മേഖലയിലുണ്ടാകുന്ന പുതിയ കാല്‍വെയ്പ്പുകള്‍ പരിസ്ഥിതി ദുര്‍ബലപ്പെടുത്തുമെന്ന വാദമുഖം തീര്‍ത്തും അപക്വമാണെന്നും മന്ത്രി പറയുന്നു. ‘വിനോദ സഞ്ചാരികള്‍ ഇവിടെയെത്തുന്നത് നമ്മുടെ വനവും നദിയും കുന്നുകളും പുഴയും കടലും കാണുവാനാണ്. നമ്മുടെ സംസ്‌കാരം തിരിച്ചറിയാനാണ്. അല്ലാതെ കോണ്‍ഗ്രീറ്റ് കെട്ടിടങ്ങളില്‍ അന്തിയുറങ്ങാനല്ല.’ മന്ത്രി വ്യക്തമാക്കി. പരിസ്ഥിതിയോട് ചേര്‍ന്ന വിനോദ സഞ്ചാര രൂപരേഖയാണ് കേരളത്തിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുവിതരണ സംവിധാനത്തില്‍ കൊള്ളയടിയാണ് ഇന്ന് നടക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണ സംവിധാനം തുടങ്ങിയ മേഖലകളില്‍ ലോകനിലവാരത്തിലേക്ക് എമേര്‍ജ് ചെയ്ത കേരളം ഇന്ന് സബ്‌മെര്‍ജ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ നേടിയ സൗജന്യ ചികിത്സാ മേഖല പൊതുസമൂഹത്തില്‍ നിന്ന് മാറി സ്വകാര്യ മേഖലയിലേക്ക് കൂപ്പുകുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Advertisement