തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി തുടരുന്ന പത്രവിതരണ ഏജന്റുമാരുടെ സമരത്തില്‍ സര്‍ക്കാര്‍ പത്ര ഉടമകള്‍ക്കൊപ്പം. പത്രവിതരണക്കാരെ തൊഴിലാളികളായി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഇന്നലെ നടന്ന ചര്‍ച്ചയില്‍ തൊഴില്‍ മന്ത്രി ഷിബുബേബി ജോണ്‍ കൈക്കൊണ്ടത്. പത്ര ഉടമകളുടെ നിലപാട് അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്.

സി.ഐ.ടിയുവിനെ പ്രതിനിധീകരിച്ച് പി.കെ ഗുരുദാസന്‍ എ.കെ ബാലന്‍, കെ.ഒ ഹബീബ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടനാ നേതാക്കള്‍ മന്ത്രിയുമായി ചര്‍ച്ചക്കെത്തിയത്. മാതൃഭൂമിയുടെയും മനോരമയുടെയും മാനേജ്‌മെന്റ് ഉള്‍പ്പെടെ പത്ര ഉടമകള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറായതുമില്ല. സര്‍ക്കാറിനോട് എതിര്‍പ്പൊന്നുമില്ലെന്നും എന്നാല്‍ ഏജന്റുമാരെ അംഗീകരിക്കാന്‍ തയ്യാറല്ലെന്നുള്ളതിനെ തുടര്‍ന്നാണ് തങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നതെന്നും മാനേജ്‌മെന്റ് അറിയിച്ചതായി ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

പത്രവിതരണം തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമരം അവസാനിപ്പിച്ചശേഷം ചര്‍ച്ചയാവാമെന്നു സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളുടെ നേതാക്കളോടു പറഞ്ഞതായി മന്ത്രി അറിയിച്ചു. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പ്രശ്‌നമല്ലെങ്കിലും സാമൂഹിക പ്രശ്‌നമെന്ന പേരിലാണ് ഇതില്‍ ഇടപെട്ടത്. എന്തെങ്കിലും ഉറപ്പു കിട്ടാതെ സമരത്തില്‍ നിന്നു മാറില്ലെന്ന നിലപാടാണു നേതാക്കള്‍ കൈക്കൊണ്ടതെന്നു ഷിബു പറഞ്ഞു.

ഏജന്റുമാരുടെ പ്രശ്‌നങ്ങള്‍ ഉടമകളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ തീരുമാനിക്കൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ അന്യായമായി ഏജന്റുമാര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

അതേസമയം ഏജന്റുമാരുടെ സമരത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി അഭിഭാഷകനായ ബേസില്‍ അട്ടിപ്പേറ്റി നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിര്‍ദേശം. പത്ര ഏജന്റുമാരുടെ സംഘടനക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Malayalam News

Kerala News in English