തിരുവനന്തപുരം: ഒന്നരപതിറ്റാണ്ടിന് ശേഷം പിതാവിന്റെ ഉത്തരവ് നടപ്പാക്കാനുള്ള ഭാഗ്യം മന്ത്രി ഷിബു ബേബിജോണിന് ലഭിച്ചു. പിതാവ് ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ ഓഫീസുകളുടെ അനാസ്ഥ കാരണം നടപ്പാക്കാന്‍ കഴിയാതെ പോയ ആമിനത്തിന്റെ ജോലി നിയമനമാണ് ഷിബു ഇന്നലെ നടപ്പാക്കിയത്. കൊല്ലം രാമന്‍കുളങ്ങര ഇ.എസ്.ഐയില്‍ താല്‍ക്കാലിക സര്‍വ്വീസില്‍ ജോലി ചെയ്തിരുന്ന ആമിനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരിയായി. നീണ്ട 36 വര്‍ഷത്തെ താല്‍ക്കാലിക സര്‍വ്വീസിനൊടുവിലാണ് ആമിനത്ത് സര്‍ക്കാര്‍ ജീവനക്കാരിയാവുന്നത്.

1996ല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസില്‍ ഫാര്‍മസിസ്റ്റായി നിയമിതയായ ആമിനത്തിനെ സ്ഥിരപ്പെടുത്താന്‍ 1997 മാര്‍ച്ച് 15നാണ് അന്നത്തെ തൊഴില്‍ മന്ത്രി ബേബി ജോണ്‍ ഉത്തരവിട്ടത്. ഈ ഉത്തരവാണ് ഇന്നലെ ഷിബു ബേബിജോണ്‍ നടപ്പിലാക്കിയത്. ബേബി ജോണ്‍ മന്ത്രിയായ സമയത്താണ് ആമിനത്തിന്റെ പിതാവ് നൂറുദീന്‍ കുട്ടി ആമിനത്തിനെ സ്ഥിരപ്പെടുത്തണമെന്ന നിവേദനം ബേബി ജോണിന് നല്‍കിയത്. അന്ന് അധ്യാപരെ പോലെ 180 ദിവസത്തില്‍ നിന്നും സര്‍വ്വീസ് ഒരു വര്‍ഷം നീട്ടാനാണ് ബേബി ജോണ്‍ ഉത്തരവിട്ടിരുന്നത്. ഫാര്‍മസിസ്റ്റുകളുടെ ക്ഷാമവും കോടതി ഉത്തരവിന്റെ പിന്‍ബലത്തിലും ആമിനത്ത് 1998 വരെ ജോലിയില്‍ തുടര്‍ന്നു.

1996ല്‍ നൂറുദീന്‍ വിണ്ടും മന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിച്ചു. ആമിനത്തിന്റെ നിയമനം ക്രമീകരിക്കാനും മന്ത്രി ഉത്തരവിട്ടു. ഈ ഉത്തരവാണ് വിവിധ കാരണങ്ങളാല്‍ ഫയലില്‍ ഒതുങ്ങിയത്. കഴിഞ്ഞ ജൂണ്‍ 29ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ കത്തുമായ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആമിനത്ത് സമര്‍പ്പിച്ച അപേക്ഷ പരിശധനയ്ക്ക് ലഭിച്ചപ്പോഴാണ് തന്റെ പിതാവ് 15 വര്‍ഷം മുമ്പ് ഉത്തരവിട്ടിട്ടും നടപ്പാകാത്തതാണെന്ന കാര്യം മനസ്സിലായത്. മുഴുവന്‍ ഫയലുകളും വിളിച്ച് വരുത്തി മന്ത്രി സഭയുടെ പരിഗണനക്കായ് സമര്‍പ്പിച്ചു.  15 വര്‍ഷം മുമ്പ് ലഭിക്കേണ്ട നിയമനം നടപ്പാക്കാന്‍ മന്ത്രി സഭയും തീരുമാച്ചു.

രാമന്‍കുളങ്ങര ഇ.എസ.ഐ. ഡിസ്‌പെന്‍സറിയില്‍ രണ്ട് വര്‍ഷമായി ജോലി ചെയ്യുന്ന ഈ 49ക്കാരിയുടെ ഭര്‍ത്താവ് ഷാജഹാന്‍ ഹോമിയോ ഡോക്ടറാണ്. വൈകിയാണെങ്കിലും സര്‍്ക്കാര്‍ നിയമനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആമിനത്ത്.