എഡിറ്റര്‍
എഡിറ്റര്‍
കരിമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമാക്കണം: ഷിബു ബേബി ജോണ്‍
എഡിറ്റര്‍
Friday 1st November 2013 9:15am

Shibu Baby John, Narendra Modi

തിരുവനന്തപുരം: സംസ്ഥാനത്തെ കരിമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമായി നിലനിര്‍ത്തി സംരക്ഷിക്കണമെന്ന് തൊഴില്‍ പുനരധിവാസ വകുപ്പു മന്ത്രി ഷിബു ബേബിജോണ്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ മൈനിംഗ് പോളിസി കാലാനുസൃതമായി നവീകരിക്കണം. കായംകുളം മുതല്‍ അമ്പലപ്പുഴ വരെയുള്ള കരിമണല്‍ സമ്പത്തിന്റെ ഖനന അനുമതി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചവറയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ കരിമണല്‍ ആശൃത-വ്യവസായ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും, വ്യവസായ വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കും നല്കിയ കത്തിലാണ് അദ്ദേഹം ഇത് ആവശ്യപ്പെട്ടത്.

കായംകുളം മുതല്‍ അമ്പലപ്പുഴ വരെയുള്ള കരിമണല്‍ സമ്പത്തിന്റെ ഖനനാനുമതി ഐ.ആര്‍.ഇ, കെ.എം.എം.എല്‍. എന്നീ സ്ഥാപനങ്ങള്‍ക്ക് മാത്രമായി നല്‍കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഖനനം ചെയ്യാന്‍ ഭൂമി വിട്ടുകൊടുക്കുന്ന പ്രാദേശികവാസികള്‍ക്ക് അതാത് കമ്പനികള്‍ ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുക,

ഈ മേഖലയിലെ വ്യവസായങ്ങളുടെ പ്രതിസന്ധി പഠിക്കുവാനും പരിഹരിക്കുവാനും സര്‍ക്കാര്‍ തലത്തില്‍ ഒരു ഉന്നതാധികാര കമ്മിറ്റി ഉണ്ടാക്കുക, കരിമണല്‍ കള്ളക്കടത്ത് ശാശ്വതമായി തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കത്തില്‍ മന്ത്രി ഷിബു  ബേബി ജോണ്‍ ആവശ്യപ്പെട്ടത്.

കേന്ദ്രപൊതുമേഖലാ സ്ഥാനപനമായ ഐ.ആര്‍.ഇയും സംസ്ഥാനപൊതുമേഖലാസ്ഥാപനമായ കെ.എം.എം.എല്‍. ഉം കരിമണല്‍ ലഭ്യതക്കുറവുമൂലം കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

ഈ പ്രതിസന്ധി നേരിടുമ്പോഴും കരിമണല്‍ കള്ളക്കടത്ത് വ്യാപകമാവുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ മൈനിംഗ് പോളിസിയുടെ അപര്യാപ്തതയാണ് കള്ളക്കടത്തുകാര്‍ ചൂഷണം ചെയ്യുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളും അതിലെ ജീവനക്കാരും കടുത്ത പ്രതിസന്ധി നേരിടുകയും, സംസ്ഥാന ഖജനാവിന് മുതല്‍ക്കൂട്ടാവേണ്ട കരിമണല്‍ സമ്പത്ത് കള്ളക്കടത്തു ചെയ്യപ്പെടുകയും ചെയ്യുന്നത് അവസാനിപ്പിച്ചേ മതിയാവൂ എന്ന് മന്ത്രി ഷിബു ബേബിജോണ്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

കരിമണല്‍ നിക്ഷേപം നീണ്ടകര മുതല്‍ കായംകുളം വരെ എന്നാണ് കരുതിയിരുന്നത്. എന്നാല്‍ സുനാമി പ്രതിഭാസത്തിനുശേഷം കായംകുളം മുതല്‍ അമ്പലപ്പുഴ വരെയുള്ള കടല്‍തീരം കരിമണലാല്ഡ സമ്പുഷ്ടമാണ്.

ഈ മേഖലയിലെ ഖനനാവകാശം സര്‍ക്കാര്‍ ആര്‍ക്കും നല്‍കിയിട്ടില്ല. ഈ പ്രദേശത്തുനിന്നാണ് ഏറ്റവും കൂടുതല്‍ കരിമണല്‍ കള്ളക്കടത്ത് നടക്കുന്നതായി പറയപ്പെടുന്നത്.

അതുകൊണ്ടുതന്നെ ഈ പ്രദേശത്തെ ഖനനാനുമതി പൊതുമേഖലാസ്ഥാപനങ്ങള്‍ക്കായി നിജപ്പെടുത്തണമെന്നും മന്ത്രി ഷിബു ബേബിജോണ്‍ കത്തില്‍ ആവശ്യപ്പെട്ടു.

Advertisement