തിരുവനന്തപുരം: രാജ്യത്തെ നഴ്‌സുമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏകീകൃത തൊഴില്‍ നയം രൂപീകരിക്കണമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍.

നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കാനും നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടക്കുന്ന തൊഴില്‍ മന്ത്രിമാരുടെ യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.

Ads By Google

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് ഉന്നത പഠനത്തിന് അവസരം ഒരുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. നിലവില്‍ ഒരു തൊഴില്‍ നയം ഇല്ലാതെയാണ് നഴ്‌സുമാര്‍ ജോലി ചെയ്യുന്നത്. അത് തന്നെയാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണം.

ഏകീകൃത തൊഴില്‍ നയം വരുന്നതോടെ ഈ മേഖലയിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുമെന്നാണ പ്രതീക്ഷിക്കുന്നതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

ആശുപത്രികള്‍ക്ക് തോന്നുന്ന രീതിയിലുള്ള സേവനവ്യവസ്ഥകളാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇത് മാറേണ്ടതുണ്ട്. വേതന വ്യവസ്ഥയില്‍ കാതലായ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.