എഡിറ്റര്‍
എഡിറ്റര്‍
മഅദനിയുടെ ചികിത്സ : ഷെട്ടാര്‍ ഉറപ്പ് നല്‍കിയതായി ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Friday 4th January 2013 12:50am

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ബാംഗ്ലൂര്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Ads By Google

ബാംഗ്ലൂരില്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറുമായി വസതിയില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചികിത്സാ സമയത്ത് സഹായിയെ നിര്‍ത്തുന്നതുള്‍പ്പെടെയുള്ള  കാര്യങ്ങളില്‍ കര്‍ണാടക സര്‍ക്കാര്‍ അനുഭാവപൂര്‍വമായ നിലപാട് എടുക്കുമെന്ന്് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മഅദനിയുടെ ആരോഗ്യനില സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ ആറ് മാസം മുമ്പ് നല്‍കിയ റിപ്പോര്‍ട്ടാണ് നിലവില്‍ സംസ്ഥാന സര്‍ക്കാറിന്റെ കൈവശമുള്ളത്.

അതിനാല്‍ മഅദനിയുടെ ആരോഗ്യ നില സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍  ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ പരിശോധന ഫലങ്ങളോടും കൂടിയ വിശദ റിപ്പോര്‍ട്ട് ഉടന്‍ കേരള സര്‍ക്കാറിന് നല്‍കുമെന്ന് ഷെട്ടര്‍ ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മഅദനി വിഷയത്തില്‍ ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാറിന് ഒട്ടേറെ പരിമിതികളുണ്ടെന്നും എങ്കിലും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം മഅദനിക്ക് ചികിത്സ നിഷേധിച്ചതായി ഇന്നലെ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലാണ് വീഴ്ച ചൂണ്ടിക്കാട്ടിയത്. റിപ്പോര്‍ട്ട് പരപ്പന സെഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

മഅദനിക്ക് പ്രമേഹത്തിന് തുടര്‍ ചികിത്സ നല്‍കിയില്ലെന്നും കര്‍ണാടക ഇന്‍സ്റ്റിറ്റിയൂട്ട് ഡയബറ്റോളജിയിലും മഅദനിക്ക് ചികിത്സ നിഷേധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2 മാസത്തിന് ശേഷം നല്‍കേണ്ട ചികിത്സ മഅദനിക്ക് നല്‍കിയത് 7 മാസത്തിന് ശേഷമാണ്. ഡോക്ടര്‍ ചികിത്സ ആവശ്യപ്പെട്ട് കത്തെഴുതിയിട്ടും പരിഗണിച്ചില്ല.

സൗഖ്യ ആയുര്‍വേദ ആശുപത്രിയിലും ചികിത്സ നിഷേധിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത് തുടര്‍ ചികിത്സ നിഷേധിച്ചതിനാലാണ്. പ്രത്യേക അന്വേഷണ സംഘം നടത്തിയ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.

Advertisement