തൃശ്ശൂര്‍: തീവണ്ടിയില്‍ നിന്നും തള്ളിയിട്ട് കൊലചെയ്യപ്പെട്ട സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് താനാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവിയായ ഡോ.ഷെര്‍ളി വാസു. കഴിഞ്ഞദിവസം പ്രോസിക്യൂഷന്‍ സാക്ഷിയായ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ ഉന്‍മേഷ് നല്‍കിയ മൊഴി കളവാണെന്നും ഡോ.ഷെര്‍ളി വ്യക്തമാക്കി.

ഫോറന്‍സിക് വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഉന്മേഷിന്റെ മൊഴിക്കു പിന്നില്‍ മറ്റാരോ ഉണ്ടെന്നും മൊഴിയെക്കുറിച്ച് മേലധാകാരികളോട് അന്വേഷണം ആവശ്യപ്പെടുമെന്നും ഡോ.ഷെര്‍ളി കൂട്ടിച്ചേര്‍ത്തു.

പ്രോസിക്യൂഷന്‍ വാദിയായ ഡോക്ടര്‍ ഉന്മേഷാണ് പ്രതിഭാഗത്തിന് അനുകൂലമായി ഇന്നലെ കോടതിയില്‍ മൊഴി നല്‍കിയത്. പോസ്റ്റ് മോര്‍ട്ടം നടത്തിയത് താനും സഹപ്രവര്‍ത്തകനും ചേര്‍ന്നാണെന്നായിരുന്നു ഉന്മേഷിന്റെ മൊഴി. എന്നാല്‍, കോടതി രേഖകളില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയത് ഡോ.ഷെര്‍ളി വാസുവാണ്.

എറണാകുളത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പോകവേ സൗമ്യയെ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നതാണ് കേസ്. കേസിലെ പ്രതി ഗോവിന്ദച്ചാമിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.