ന്യൂദല്‍ഹി: അഴിമതി വിരുദ്ധ ഇന്ത്യ നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് മാനനഷ്ടക്കേസിന് നോട്ടീസ് അയച്ചു.

Subscribe Us:

തനിയ്‌ക്കെതിരെ ടെലിവിഷന്‍ ചാനലിലെ അഭിമുഖത്തില്‍ തരംതാണ പദപ്രയോഗം നടത്തിയതിനാണ് കേസ് ഫയല്‍ ചെയ്തത്. തന്നെ തരംതാണ പദപ്രയോഗങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ഷീലാ ദീക്ഷിത് ആരോപിക്കുന്നു.

Ads By Google

അഭിഭാഷകനായ മെഹമൂദ് പ്രാച മുഖാന്തരം മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി പവന്‍ ഖേരയാണ് നോട്ടീസ് അയച്ചത്.

മൂന്ന് ടെലിവിഷന്‍ ചാനലുകളിലൂടെ കെജ്‌രിവാള്‍ മുഖ്യമന്ത്രിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇവ ഉടന്‍ പിന്‍വലിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.

തനിയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ചതിന് കെജ്‌രിവാള്‍ നിരുപാധികം മാപ്പുപറയണമെന്നും രണ്ട് ദിവസത്തിനുള്ളില്‍ മറുപടിയുണ്ടായില്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും നോട്ടീസില്‍ പറയുന്നു.

‘ഞങ്ങള്‍ നിങ്ങളെ അപമാനിക്കും. ഇനിയും അപമാനിക്കും. നിങ്ങള്‍ ഇപ്പോഴും അഴിമതി നടത്തിക്കൊണ്ടിരിക്കുകയാണ്’-നോട്ടീസ് കൈപ്പറ്റിയ ശേഷം കെജ്‌രിവാള്‍ പ്രതികരിച്ചു.

എന്നാല്‍ മാധ്യമശ്രദ്ധ നേടാന്‍ വേണ്ടി മാത്രമാണ് ഇത്തരം വിലകുറഞ്ഞ സംസാരം കെജ്‌രിവാള്‍ നടത്തുന്നതെന്നും അദ്ദേഹത്തിന്റെ ഒരു വാദം പോലും നിലനില്‍ക്കുന്നതല്ലെന്നും ഷീല ദീക്ഷിത് പ്രതികരിച്ചു. ജനങ്ങള്‍ക്ക് മുന്നില്‍ നിരുപാധികം മാപ്പ് പറയാന്‍ കെജ്‌രിവാള്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു.