സാരിയെ വര്‍ഗീയവത്കരിച്ചു കൊണ്ടു ട്വീറ്റു ചെയ്ത ബോളിവുഡ് നടി രവീണ ടെണ്ടനെ പരിഹസിച്ച് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ്. സാരി ധരിച്ചതിന്റെ പേരില്‍ തന്നെ വര്‍ഗീയ വാദിയോ സംഘിയോ ഭക്തയോ ആയി മുദ്രകുത്തരുതെന്ന രവീണയുടെ ട്വീറ്റിനെ പരിഹസിച്ചാണ് ഷെഹ്‌ല രംഗത്തുവന്നത്.

കേരളാ സാരി ധരിച്ചുനില്‍ക്കുന്ന ചിത്രത്തിനൊപ്പം ഇതിനെയിനി പാകിസ്ഥാനി സാരിയെന്നു വിളിക്കരുതേ എന്നാണ് ഷെഹ്‌ലയുടെ ട്വീറ്റ്.

‘ ഞാനൊരു വര്‍ഗീയവാദി, സംഘം, ഭക്ത്, ഹിന്ദുത്വ ഐക്കണല്ല. ഇതാണ് എന്റെ കേരള സാരി. ടൈംസ് നൗ ഇതിനെ പാകിസ്ഥാനി സാരിയെന്നു വിളിക്കില്ലെന്നു കരുതുന്നു.’ എന്നായിരുന്നു ഷെഹ്‌ലയുടെ ട്വിറ്റ്. ഒപ്പം കേരളാ സാരി ധരിച്ചിരിക്കുന്ന ഫോട്ടോയും അവര്‍ പോസ്റ്റു ചെയ്തു.

സാരി ധരിച്ചുള്ള ചിത്രത്തിനൊപ്പമായിരുന്നു സാരിയെ വര്‍ഗീയമായി ചിത്രീകരിച്ചുകൊണ്ട് രവീണ ട്വീറ്റു ചെയ്തത്.

‘ഒരു സാരി ദിനം… വര്‍ഗീയ, സംഘി, ഭക്ത്, ഹിന്ദുത്വ ഐക്കണായി പ്രഖ്യാപിക്കുമോ? സാരി ഇഷ്ടമാണെന്ന് പറഞ്ഞാല്‍’ എന്നായിരുന്നു രവീണയുടെ ട്വീറ്റ്.


Must Read: ‘2014ലെ തെരഞ്ഞെടുപ്പു വേളയില്‍ മോദി വാഗ്ദാനം നല്‍കിയ ആ കാര്യങ്ങള്‍ക്കുവേണ്ടിയാണ് കര്‍ഷകര്‍ ഇപ്പോള്‍ സമരം ചെയ്യുന്നത്’ തെളിവ് ഇതാ


ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഖേദപ്രകടനവുമായി രവീണ രംഗത്തുവന്നിരുന്നു.

‘ മനോഹരമായ ഇന്ത്യന്‍ വസ്ത്രമാണ് സാരി. സാരിയെ വര്‍ഗീയവത്കരിക്കാന്‍വേണ്ടിയല്ല ഞാന്‍ ട്വീറ്റു ചെയ്തത്. ഇന്ത്യന്‍ ആയ എന്തെങ്കിലും ഇഷ്ടമാണഎന്നു പറഞ്ഞാല്‍ ട്രോള്‍ ചെയ്യപ്പെടുമെന്ന ഭയത്തില്‍ നിന്നായിരുന്നു ആ ട്വീറ്റ്. ഏതായാലും ഇങ്ങനെയൊക്കെയായതില്‍ ഞാന്‍ ഖേദിക്കുന്നു.’ എന്നായിരുന്നു രവീണയുടെ വിശദീകരണം.