കൊല്ലം: തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ ന്യായീകരിച്ചുള്ള ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്റെ ജഹാന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കേസിലെ പ്രതികളുടെ ചിരിക്കുന്ന ചിത്രം പങ്കുവെച്ച ഷെഫിന്‍ ക്രിസ്ത്യന്‍ വര്‍ഗീയവാദിയായ അധ്യാപകനെന്നാണ് ജോസഫ് മാഷിനെ വിശേഷിപ്പിക്കുന്നത്.

കുനിഞ്ഞ ശിരസ്സും നിറഞ്ഞ കണ്ണും ഇടറുന്ന വാക്കുകളുമായി ജയിലില്‍ പോകാന്‍ പ്രതികള്‍ ഖജനാവ് കൊള്ളയടിച്ചവരോ പെണ്‍വാണിഭം നടത്തിയവരോ വ്യാജ മദ്യം വിറ്റവരോ സ്വര്‍ണക്കടത്ത് നടത്തിയവരോ അല്ലെന്നും പ്രതികളുടെ ചിത്രത്തോടൊപ്പം ഷെഫിന്‍ കുറിച്ചിരുന്നു.

ടി.ജെ ജോസഫിന്റെ ഭാര്യയുടെ മരണത്തെ കുറിച്ചും ഷെഫിന്റെ പോസ്റ്റുകളില്‍ മോശം പരാമര്‍ശമുണ്ട്. ടിജെ ജോസഫിനെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ രക്തം നല്‍കിയവരേയും ഷഫിന്‍ പരിഹസിക്കുന്നു. ഇസ്‌ലാം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥത്തിലെ കഥാപാത്രങ്ങളെ വച്ച് താരതമ്യം ചെയ്താണ് ഇങ്ങനെ രക്തം നല്‍കിയവരെ പരിഹസിക്കുന്നത്.

അതേ സമയം പോസ്റ്റുകള്‍ ചര്‍ച്ചയായതോടെ ഷെഫിന്‍ ഇത് പിന്‍വലിച്ചിട്ടുണ്ട്. ഹാദിയക്ക് നീതി ലഭിക്കുന്നതിനുള്ള പോരാട്ടം നടത്തുന്നതിനിടയിലാണ് ഷെഫിന്റെ വിവാദപരമായ ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്തുവരുന്നത്.