ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് കുട്ടിയെ ദത്തെടുത്തത്. 21മാസം പ്രായമായ കുട്ടിയ്ക്ക് നിഷ കൗര്‍ വെബര്‍ എന്നാണ് പേരിട്ടത്.

‘നിഷയുടെ ചിത്രം കണ്ട നിമിഷം മുതല്‍ ഞാന്‍ വളരെ എക്‌സൈറ്റഡായിരുന്നു. സന്തോഷവും മറ്റുപല വികാരങ്ങളും. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ മൂന്നാഴ്ചയേ എടുത്തുള്ളൂ. സാധാരണയായി ആളുകള്‍ക്ക് ഒരുങ്ങാന്‍ ഒമ്പതുമാസം ലഭിക്കും (ചിരിക്കുന്നു.)’ അമ്മയായതിനെക്കുറിച്ച് സണ്ണി ലിയോണ്‍ പറയുന്നു.

രേഖകളെല്ലാം ശരിയാക്കുന്നതിന്റെ ഓട്ടത്തിലായിരുന്നു താനെന്ന് ഡാനിയല്‍ പറയുന്നു. പക്ഷെ ഒടുക്കം വിളിവന്നപ്പോള്‍ ആ ബുദ്ധിമുട്ടൊന്നും ഒന്നുമല്ലാതായെന്നും അദ്ദേഹം പറയുന്നു.

‘രണ്ടുവര്‍ഷം മുമ്പാണ് ഞങ്ങള്‍ അപേക്ഷിച്ചത്. ഒരു അനാഥാലയത്തില്‍ പോയ സമയത്തായിരുന്നു അത്. അവിടെയുള്ളവരെല്ലാം മഹത്തായ കര്‍മ്മമാണ് ചെയ്യുന്നത്. അതില്‍ ചെറിയൊരു സഹായം ചെയ്യാന്‍ ഞങ്ങളും തീരുമാനിച്ചു. തീര്‍ച്ചയായും അവരെയെല്ലാം സഹായിക്കാനുള്ള താല്‍പര്യമുണ്ട്. പക്ഷേ അതിനുകഴിയില്ലല്ലോ.’ ഡാനിയല്‍ പറയുന്നു.


Also Read: ജനങ്ങളെ അധിക്ഷേപിച്ചു: സൗദി രാജകുമാരനും കൂട്ടാളികളും അറസ്റ്റില്‍


തങ്ങളല്ല നിഷയാണ് തങ്ങളെ തെരഞ്ഞെടുത്തതെന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്. നിഷവരുമെന്ന് കരുതിയിരുന്നില്ലെന്നും അതിനാല്‍ ഒരുവര്‍ഷത്തേക്കുള്ള പ്ലാനൊക്കെ മുന്‍കൂറായി തയ്യാറാക്കിയിരുന്നു എന്നുമാണ് ഡാനിയല്‍ പറയുന്നത്. എന്നാല്‍ നിഷയുടെ വരവോടെ അവള്‍ക്ക് അനുസരിച്ച് പ്ലാന്‍ തങ്ങള്‍ മാറ്റിയെടുത്തെന്നും ഡാനിയല്‍ പറയുന്നു.