ന്യൂദല്‍ഹി: ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ എല്‍.കെ അദ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ.

അദ്വാനിയെ രാഷ്ട്രപതിയാക്കണമെന്നും രാഷ്ട്രപതിയാകുന്നതിന് പ്രായം തടസ്സമെല്ലെന്നും അദ്ദേഹം പറയുന്നു. പ്രതിപക്ഷം പോലും ആദരിക്കുന്ന നേതാവാണ് അദ്വാനി. അദ്ദേഹം പ്രതിപക്ഷത്തിന് പോലും സ്വീകാര്യനാണ്.

അടുത്ത രാഷ്ട്രപതിയായി അദ്വാനി വരണം എന്നു തന്നെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ അഭിപ്രായപ്പെട്ടു.

അടുത്ത രാഷ്ട്രപതിയായി ആരെ നിയമിക്കണമെന്നുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് അദ്വാനിയെ പിന്തുണച്ച് ബി.ജെ.പിയുടെ പ്രമുഖ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തുന്നത്.


Dont Miss സെന്‍കുമാര്‍ കേസില്‍ നിരുപാധികം മാപ്പുപറഞ്ഞ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍


രാഷ്ട്രപതിസ്ഥാനത്തേക്ക് ആരുടെ പേരാണ് പരിഗണിക്കുകയെന്ന കാര്യത്തില്‍ ബി.ജെ.പി നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അദ്വാനി രാഷ്ട്രപതിയായി എത്തണമെന്ന് ബി.ജെ.പിയിലെ ഒരുവിഭാഗം ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി അദ്വാനിക്ക് മുന്നില്‍ പ്രതിബന്ധമാകുമോ എന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

അദ്വാനിക്ക് പുറമെ മുരളി മനോഹര്‍ ജോഷി, നജ്മ ഹെപ്തുള്ള, അമിതാഭ് ബച്ചന്‍ എന്നീ പേരുകള്‍ കൂടി രാഷ്ട്രപതി പദത്തിലേക്ക് ബി.ജെ.പിയുടെ പരിഗണനയിലുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ഈ പേരുകളുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആഗസ്തിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക.