ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനെതിരെ വിമര്‍ശനമുയര്‍ത്തുന്നതിന് പാര്‍ട്ടിപ്രവര്‍ത്തകനായ യശ്വന്ത് സിന്‍ഹക്ക് യോഗ്യതയുണ്ടെന്ന് ബി.ജെ.പി എം.പിയും ബോളിവുഡ് താരവുമായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ.

പാര്‍ട്ടിയുടെ മുതിര്‍ന്ന പ്രവര്‍ത്തകനാണ് അദ്ദേഹം, നോട്ടുനിരോധനത്തെ തുടര്‍ന്നുണ്ടായ ഇന്ത്യയുടെ ദുരിതത്തില്‍ അദ്ദേഹത്തിന് ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം തുറന്നു പറയുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ പ്രശ്‌നമാണ് അദ്ദേഹം തൊട്ടുകാണിച്ചതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

രാജ്യ താല്‍പര്യമാണ് യശ്വന്ത് മുന്നോട്ട് വെയ്ക്കുന്നത്. മുന്‍ ധനകാര്യമന്ത്രിയുടെ വിമര്‍ശനത്തെ ശ്രദ്ധിക്കേണ്ട കടമ എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘യഥാര്‍ത്ഥ രാഷ്ട്രതന്ത്രജ്ഞന്‍’ ആണ് അദ്ദേഹം, ഇന്ത്യയുടെ ഏറ്റവും മികച്ചതും വിജയകരവുമായ ‘ധനകാര്യമന്ത്രിമാരില്‍ ഒരാളായിരുന്നു യശ്വന്ത് എന്നും അദ്ദേഹം പറഞ്ഞു.


Also Read കള്ളപ്പണം കൊണ്ട് ചീര്‍ത്ത കൊഴുപ്പിനേക്കാള്‍ നല്ലത് മെലിഞ്ഞ ആരോഗ്യമുള്ള സമ്പദ് വ്യവസ്ഥയാണെന്ന് ടി.ജി മോഹന്‍ദാസ് ; മെലിഞ്ഞ് ചത്താലും സാരമില്ലെന്ന് പരിഹസിച്ച് സോഷ്യല്‍മീഡിയ


രാജ്യത്തെ സമ്പദ് ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ജെയ്റ്റ്ലി പരാജയപ്പെട്ടെന്നും 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് മാന്ദ്യം മറികടക്കാന്‍ കഴിയില്ലെന്നുമായിരുന്നു യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനം. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ‘എനിക്കിപ്പോള്‍ സംസാരിക്കണം’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന സിന്‍ഹ മോദി മന്ത്രിസഭയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നത്.

ആഗോള വിപണിയില്‍ എണ്ണ വില താഴ്ന്നിട്ടും ധനസമാഹരണത്തിലൂടെ സാമ്പത്തിക ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ജെയ്റ്റിലി പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം വളരെ അടുത്ത് നിന്ന് കണ്ടിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ അതുപോലൊരു അനുഭവം എല്ലാ ഇന്ത്യക്കാര്‍ക്കും നല്‍കാനാണ് അദ്ദേഹത്തിന്റെ ധനകാര്യമന്ത്രി ഇപ്പോള്‍ അധിക ജോലിയെടുക്കുന്നതെന്നും സിന്‍ഹ പരിഹസിച്ചിരുന്നു.

ജെയ്റ്റ്ലിയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് സംസാരിച്ചില്ലെങ്കില്‍ അത് രാജ്യത്തോടുള്ള കടമ നിറവേറ്റാതിരിക്കലാകുമെന്നും സിന്‍ഹ പറയുന്നു. തന്റെ നിലപാടുകള്‍ ബി.ജെ.പി നേതാക്കളുമായി പങ്കുവെച്ചിരുന്നെന്നും എന്നാല്‍ അവരെല്ലാം സംസാരിക്കാന്‍ ഭയപ്പെടുകയാണെന്നും സിന്‍ഹ ലേഖനത്തിലൂടെ പറഞ്ഞിരുന്നു. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിനെതിരെയും ജി.എസ്.ടിക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.