ബ്രിസ്‌ബേന്‍: നൂറാം സെഞ്ച്വറിക്കാര്യം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മറക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം രവിശാസ്ത്രി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം സച്ചിന്‍ സ്വതസിദ്ധമായ രീതിയിലല്ല കളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

’32 റണ്‍സിന്റെ ആവറേജ് ആണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ റണ്‍റേറ്റ്. ബൗളര്‍മാരെ അറ്റാക്ക് ചെയ്തു കളിക്കുന്ന ആളായിരുന്നു സച്ചിന്‍. എന്നാല്‍ നൂറാം സെഞ്ച്വറിയെന്ന നേട്ടം മനസ്സിലുള്ളതുകൊണ്ടു തന്നെ അദ്ദേഹത്തിന് പിരിമുറുക്കമില്ലാതെ കളിക്കാന്‍ സാധിക്കുന്നില്ല. അദ്ദേഹം  ശൈലിമാറ്റി. അതുകൊണ്ടുതന്നെയാണ് മികച്ച രീതിയിലുള്ള പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതും. സച്ചിന്‍ അദ്ദേഹത്തിന്റെ കഴിവ് പുറത്തെടുക്കണം’. സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശാസ്ത്രി ഇക്കാര്യം പറഞ്ഞത്.

മെല്‍ബണിലേയും സിഡ്‌നികളിലേയും മത്സരത്തില്‍ സച്ചിന്‍ അര്‍ധ ശതകം തികച്ച് പുറത്തായിരുന്നു. ഇതിനുശേഷമാണ് അദ്ദേഹം ബാറ്റിംഗ് ശൈലി മാറ്റാന്‍ തീരുമാനിച്ചത്. ബൗളര്‍മാരെ അറ്റാക്ക് ചെയ്ത സച്ചിന്റെ വേറൊരു ശൈലിയാണ് അതിനുശേഷം കണ്ടത്.

മൈക്കല്‍ ക്ലാര്‍ക്കിന്റെ പന്തുകളെ ആക്രമിച്ച് കളിക്കാന്‍ തയ്യാറായിരുന്ന സച്ചിന്‍. ഇപ്പോള്‍ അതിന് അദ്ദേഹം തുനിയുന്നേയില്ല. നൂറാം സെഞ്ച്വറിയെന്ന സ്വപ്‌നം മനസ്സിലുള്ളത് കൊണ്ടാണ് അദ്ദേഹത്തിന് സമ്മര്‍ദ്ദം അനുഭവപ്പെടുന്നതെന്നാണ് കരുതുന്നത്.  കളിക്കളത്തില്‍ നിറഞ്ഞു കളിക്കുന്ന പഴയ സച്ചിനേയാണ് ആരാധകര്‍ക്ക് വേണ്ടത്. എല്ലാവരുടേയും പ്രതീക്ഷ സച്ചിനിലേക്ക് തിരിയുമ്പോള്‍ സ്വഭാവികമായും അത് അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കുമെന്നത് മറ്റൊരു കാര്യം.

Malayalam News

Kerala News In English