കൊച്ചി: കേരളത്തില്‍ നിന്ന് കൂടുതല്‍ യുവതാരങ്ങളുടെ വളര്‍ച്ചക്ക് കേരളത്തിന്റെ ഐ പി എല്‍ ടീമിന്റെ വരവ് സഹായകരമാകുമെന്ന് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ . കേരളത്തിന് ടീം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ഐ പി എല്‍ ടീമില്‍ കേരളത്തിന്റെ ആറു കളിക്കാരെങ്കിലും ഉണ്ടാകണമെന്നാണ് ആഗ്രഹം. ശ്രീശാന്തിന്റെ പഞ്ചാബുമായുള്ള കരാര്‍ കാലാവധി കഴിഞ്ഞാല്‍ അദ്ദേഹത്തേയും ടീമില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും ക്രിക്കറ്റിന്റെ കാര്യത്തില്‍ കേരള ബാല്യവസ്ഥ പിന്നിട്ടിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ മോഹന്‍ലാലും പ്രിയദര്‍ശനും ടീമിനായി സഹകരിക്കാമെന്ന് പറഞ്ഞിരുന്നു. പിന്നീട് ഐ.പി.എല്ലിന്റെ ഭാഗത്ത് നിന്ന് ചില ഉപാധികള്‍ വന്ന വന്നതോടെ അവര്‍ പിന്‍വാങ്ങുകയായിരുന്നു. ടീമിന്റെ അന്തിമ ഘടനയെക്കുറിച്ച് രൂപമായിട്ടില്ലാത്തതിനാല്‍ മോഹന്‍ലാലും പ്രിയദര്‍ശനും സഹകരിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യങ്ങളിലൊക്കെ അന്തിമ തീരുമാനമെടുക്കേണ്ടത് താനല്ലെന്നും കേരളത്തിന് ടീം കിട്ടാനായി തനിക്ക് ചെയ്യാവുന്നത് ചെയ്തുവെന്ന് മാത്രമേയുള്ളുവെന്നും തരൂര്‍ വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.