എഡിറ്റര്‍
എഡിറ്റര്‍
ഫെയ്‌സ്ബുക്കിലൂടെ വിപ്ലവം നടത്തുന്ന യുവ നേതാവാണ് ബല്‍റാം: ശശികല ടീച്ചര്‍
എഡിറ്റര്‍
Wednesday 19th March 2014 8:37am

shashikala-teacher

കോഴിക്കോട്: ഫെയ്‌സ്ബുക്കിലൂടെ വിപ്ലവം നടത്തുന്ന യുവ നേതാവാണ് വി.ടി ബല്‍റാമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍.

മേലനങ്ങാതെ വിവാദം സൃഷ്ടിച്ച് നേതാവാകാനുള്ള കുറുക്കുവഴിയാണിത്. ഇതിനു മുമ്പും ബല്‍റാം ഇത്തരം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടിട്ടുണ്ട്. അതെല്ലാം ഹിന്ദു സമുദായ ആചാര്യന്മാര്‍ക്കും നേതാക്കന്മാര്‍ക്കുമെതിരെയായിരുന്നതിനാല്‍ വിവാദമായില്ല.

തിരുവനന്തപുരത്ത് രാജാവ് തീപ്പെട്ടപ്പോള്‍ അവധി പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ചും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അടക്കമുള്ള നേതാക്കളെ ആക്ഷേപിച്ചും അയാള്‍ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.

അന്നൊന്നും തട്ടുകേട് സംഭവിച്ചില്ല. എന്നാലിപ്പോള്‍ ബല്‍റാം ഒരു പാഠം പഠിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. പഠിച്ചെങ്കില്‍ അയാള്‍ക്കു നന്ന്- ശശികല ടീച്ചര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയകളില്‍ ഇരുന്ന് വിമര്‍ശിക്കുന്നവര്‍ മുഖത്തു നോക്കി വാദിക്കാന്‍ തയ്യാറല്ലാത്തവരാണെന്നും ശശികല ടീച്ചര്‍ കുറ്റപ്പെടുത്തി.

തൃത്താല മണ്ഡലത്തില്‍ മുസ്‌ലീം വോട്ടുകള്‍ ഏറെയുള്ളതിനാല്‍ ബല്‍റാം മുസ്‌ലീം നിലപാടുകള്‍ക്കെതിരെ ഒന്നും പറയില്ലെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പില്‍ സഹായമഭ്യര്‍ത്ഥിച്ചെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെ ഇടുക്കി ബിഷപ് പരസ്യമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് ബിഷപ്പിനെതിരെ നികൃഷ്ടജീവി പ്രയോഗവുമായി ബല്‍റാം എം.എല്‍.എ ഫെയ്‌സ്ബുക്കിലൂടെ രംഗത്തു വന്നിരുന്നു. ഇത് പിന്നീട് വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.

Advertisement