എഡിറ്റര്‍
എഡിറ്റര്‍
കുല്‍ഭൂഷന്റെ വധശിക്ഷ; പാര്‍ലമെന്റില്‍ സുഷമ സ്വരാജിനെ പ്രമേയം തയ്യാറാക്കാന്‍ സഹായിച്ചത് ശശി തരൂര്‍
എഡിറ്റര്‍
Tuesday 11th April 2017 6:06pm

 

ന്യൂദല്‍ഹി: പാക് സൈനിക കോടതി വധ ശിക്ഷയ്ക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷനുവേണ്ടി ഭരണ പ്രതിപക്ഷാംഗങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത്. പാര്‍ലമെന്റില്‍ പാക് നടപടിയെ അപലപിച്ച് കൊണ്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അവതരിപ്പിച്ച പ്രമേയം തയ്യാറാക്കന്‍ മന്ത്രിയെ സഹായിച്ചത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.


Also read ഗോമൂത്രത്തിനും ഗോ ഉല്‍പ്പന്നങ്ങള്‍ക്കുമായി സ്റ്റാര്‍ട്ട് അപ്പുമായി ഗുജറാത്ത് സര്‍ക്കാര്‍ 


തിരുവനന്തപുരത്ത് നിന്നുള്ള കോണ്‍ഗ്രസ് എം.പിയായ ശശി തരൂര്‍ തയ്യാറാക്കിയ പ്രമേയമാണ് പാര്‍ലമെന്റില്‍ ഇന്നവതരിപ്പിച്ചത്. പാര്‍ലമെന്റില്‍ മുഴുവന്‍ കക്ഷികളും ഒറ്റക്കെട്ടായാണ് പാക് നടപടിക്കെതിരെ രംഗത്ത് വന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥന്‍ എന്നാരോപിച്ച് ബലൂചിസ്ഥാനില്‍ നിന്നായിരുന്നു കുല്‍ഭൂഷണെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തിരുന്നത്.

ലോകസഭയില്‍ വിദേശകാര്യമന്ത്രി അദ്ദേഹം ചാരനല്ലെന്നും ഇന്ത്യന്‍ പൗരനാണെന്നും വ്യക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂറിനെ സമീപിച്ച് പ്രമേയം തയ്യാറാക്കാന്‍ സഹായം ആവശ്യപ്പെട്ടത്. ബി.ജെ.പി നേതാവ് തന്റെയടുത്ത് സഹായത്തിനെത്തിയതോടെ തരൂര്‍ തീരുമാനത്തിനായി പാര്‍ട്ടി നേതാവിന്റെ അനുമതി തേടുകയായിരുന്നു.

ബി.ജെ.പിക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി നേതാവായ മല്ലികാര്‍ജുനന്‍ ഖാര്‍ഘെയുടെ അനുമതി ലഭിച്ചയുടന്‍ തരൂര്‍ പ്രമേയം തയ്യാറാക്കി നല്‍കുകയും ചെയ്തു.

ഇതാദ്യമായല്ല ബി.ജെ.പി സര്‍ക്കാരിന് സഹായവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തുന്നത്. പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായും തരൂര്‍ മുമ്പ് പ്രത്യക്ഷപ്പെട്ടിരുന്നു.

പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വവയാണ് കുല്‍ഭൂഷണിനെ വധശിക്ഷയ്ക്ക് വിധിച്ച കാര്യം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. പാക് സൈനിക നിയമപ്രകാരമാണ് ഇയാള്‍ക്കെതിരായ വധശിക്ഷയെന്നും ബജ്വവ പറഞ്ഞിരുന്നു.

Advertisement