മുംബൈ: വിക്കിലീക്ക്‌സ് പുറത്തുവിട്ട രേഖകളില്‍ ഷാരൂഖിന്റെ ‘മൈനെയിം  ഈസ് ഖാന്‍’ വിവാദവും. ഷാരുഖിന്റെ ‘മൈനെയിം ഈസ് ഖാന്‍’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞുകൊണ്ടുള്ള ശിവസേനയുടെ ഭീഷണിയാണ് വിക്കിലീക്ക്‌സിന്റെ പുറത്തുവിട്ട രേഖകളിള്‍ സൂചിപ്പിച്ചിരിക്കുന്നത്.

ഷാരൂഖാനും കാജോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മൈനെയിം ഈസ് ഖാന്‍’ 2010ലാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ പ്രദര്‍ശവുമായി ബന്ധപ്പെട്ട് ചില പ്രതിസന്ധികളുണ്ടായിരുന്നു. ഇതാണ് വിക്കിലീക്ക്‌സിന്റെ പുതിയ ലീക്ക്‌സില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പാക്കിസ്ഥാന്‍ താരങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ഷാരൂഖ് ആവശ്യപ്പെട്ടിരുന്നു. ഇത്  ശിവസേനയെ ചൊടിപ്പിച്ചിരുന്നു.ഇതില്‍ പ്രതിഷേധിച്ച് ഷാരൂഖിന്റെ ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്ന് ശിവ സേന ഭീഷണിയുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ശിവസേന ചിത്രത്തിന്റെ പോസ്റ്ററുകള്‍ നശിപ്പിച്ചതായും ഷാരൂഖിനോട് പാക്കിസ്ഥാനിലേക്ക് പോകാനാവശ്യപ്പെട്ട് വീടിനു മുന്നില്‍ പ്രകടനം നടത്തിയതായും വിക്കിലീക്ക്‌സ് പുറത്തുവിട്ട രേഖകളില്‍ പറയുന്നു.

2010 ഫെബ്രുവരി 22ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ യു.എസിലേക്ക് നല്‍കിയ വിവരങ്ങളിലാണ് ഇക്കാര്യം പറയുന്നത്. കൂടാതെ ഈ ഭീഷണി ഭയന്ന് ചില തിയ്യേറ്ററുകള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും പിന്മാറിയതായും പിന്നീട് പോലീസ് ഇടപെട്ടാണ് ഈ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയതെന്നും വിക്കിലീക്ക്‌സ് പറയുന്നു.