ബോളിവുഡിലെ കിംങ് ഖാന്‍ ഷാരൂഖ് മലയാളത്തിലെത്തുന്നു. ഫാദേഴ്‌സ് ഡേ എന്ന സിനിമയ്ക്കുവേണ്ടിയാണ് ഖാന്‍ മോളിവുഡിലേക്ക് പ്രവേശിക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും അതിന്റെ ഭാഗമായി തുടരാനാണ് നടന്റെ തീരുമാനം.

കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാദേഴ്‌സ് ഡേ. ഇതിന്റെ പ്രമോഷന്‍ കാമ്പയിനുകളില്‍ സജീവമായി ഷാരൂഖ് ഉണ്ടാവും. ്ഇതിനുവേണ്ടി തയ്യാറാക്കുന്ന ലഘുചിത്രങ്ങളില്‍ അഭിനയിക്കാനും നടന് പദ്ധതിയിട്ടുണ്ട്.

ഷാരൂഖിന്റെ പങ്കാളിത്തം ഉറപ്പിക്കുന്നതിനായി മുംബൈയിലെ ഒരു സ്റ്റുഡിയോയില്‍ വച്ച് കഴിഞ്ഞയാഴ്ച കലവൂര്‍ രവികുമാര്‍ നടനുമായി ചര്‍ച്ച നടത്തിയിരുന്നു. ചിത്രത്തിന്റെ കഥ രവികുമാര്‍ കിംഗ് ഖാന് വിശദീകരിച്ചു. കഥ ഇഷ്ടമായ ഷാരുഖ് ചിത്രത്തിന്റെ പ്രൊമോഷണല്‍ കാമ്പയിനുകളില്‍ തന്റെ സാന്നിധ്യം ഉറപ്പുനല്‍കി. മുമ്പ് ‘ഹരികൃഷ്ണന്‍സ്’ എന്ന സിനിമയുടെ പോസ്റ്ററുകളില്‍ തന്റെ ചിത്രം ഉപയോഗിക്കാന്‍ ഷാരുഖ് ഖാന്‍ അനുമതി നല്‍കിയിരുന്നു.

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റൊരു പ്രമുഖന്‍. പൂക്കുട്ടിയായി തന്നെയാണ് പൂക്കുട്ടി പ്രത്യക്ഷപ്പെടുന്നത്.

പുതുമുഖം ഷഹീസ് നായകനാകുന്ന ഫാദേഴ്‌സ് ഡേയില്‍ ലാല്‍, രേവതി, വിനീത്, ജഗതി, കെ പി എ സി ലളിത, ശങ്കര്‍ തുടങ്ങി വന്‍ താരനിര തന്നെയുണ്ട്. ‘ഒരിടത്തൊരു പുഴയുണ്ട്’ എന്ന മനോഹരമായ സിനിമയ്ക്ക് ശേഷം കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന ഫാദേഴ്‌സ് ഡേയുടെ ചിത്രീകരണം കണ്ണൂരില്‍ ഈ മാസം അവസാനം തുടങ്ങും.