റശീദ് പുന്നശ്ശേരി

ഷാര്‍ജ: ഒമ്പത് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാര്‍ജ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിനു വേദിയാകുന്നു. പാകിസ്താന്‍, ശ്രീ ലങ്ക ടീമുകള്‍ തങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഷാര്‍ജയില്‍ കളിക്കാന്‍ കരാരിലെത്തിയതോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ സ്വപ്ന വേദിയായ ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയം വീണ്ടും ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നില്‍ തുറക്കപ്പെടുന്നത്.

ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി പാകിസ്ഥാന്റെ ശ്രീലങ്കക്കെതിരെയുള്ള ഹോം മത്സരങ്ങള്‍ സുരക്ഷ കാരണങ്ങളാല്‍ യു.ഏ.ഇ യില്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അബുദാബി, ദുബൈ ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളാണ് ഇതിനായി പരിഗണിച്ചിരുന്നത്.

ഐ.സി.സി യുടെയും ഇരു ടീമുകളുടെയും സമ്മതവും ലഭിക്കുന്ന മുറക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് എമിറേറ്റ്‌സ് ക്രക്കറ്റ് കൗണ്‍സില്‍ നേരത്തെ അറിയിച്ചിരുന്നു. ‘അബുദാബിക്കും ദുബൈക്കും പുറമേ ഷാര്‍ജയിലും മത്സരം നടത്താന്‍ ആദ്യം തന്നെ തീരുമാനിച്ചിരുന്നുവെങ്കിലും ചില അംഗീകാരങ്ങള്‍ ആവശ്യമായിരുന്നു, അവസാനം അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു എന്നറിയിക്കുന്നതില്‍ സന്തോഷമുണ്ട്’ എമിറേറ്റസ്് ക്ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഓ ഡിലാവര്‍ മാനി പറഞ്ഞു.

നവംബര്‍ മൂന്നിനു നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിനായിരിക്കും ഷാര്‍ജ വേദിയാവുക. സ്‌റ്റേഡിയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ധ്രുത ഗതിയില്‍ നടക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു. ഒക്ടോബര്‍ പതിനഞ്ചിനാണ് ഇരു ടീമുകളും മത്സരങ്ങള്‍ക്കായി യു.ഏ.ഇ യില്‍ എത്തുന്നത്. മൂന്നു ടെസ്റ്റുകള്‍ അഞ്ച് ഏക ദിന മത്സരങ്ങള്‍ ഒരു ടി ട്വന്റി എന്നിവയാണ് പര്യടനത്തില്‍ ഉണ്ടാവുക.

ഷാര്‍ജക്ക് പുറമേ ഒരു ടെസ്റ്റ് മത്സരവും രണ്ട് ഏക ദിനങ്ങളും ടി ട്വെന്റിയും അബു ദാബിയിലും ബാക്കി മത്സരങ്ങള്‍ ദുബൈയിലുമാണ് നടക്കുക. യു.ഏ.ഇ യില്‍ ഒന്നിലധികം വേദികള്‍ ഉണ്ടാവുക എന്നത് ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമാനെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ചരിത്രത്തില്‍ ഏറ്റവുമധികം ഏക ദിന മത്സരങ്ങള്‍ക്കും ഷാര്‍ജ കപ്പിനും വേദിയായിരുന്ന ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രണ്ടായിരത്തി മൂന്നിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളൊന്നും അരങ്ങേറിയിട്ടില്ല. രണ്ടായിരത്തി രണ്ടിലെ പാകിസ്താന്‍ വിന്‍ഡീസ് മത്സരമായിരുന്നു ഒടുവിലത്തേത്. ലോകത്തെ തന്നെ മികച്ച ക്രിക്കറ്റ് ഗ്രൗണ്ടുകളിലോന്നാണ് ഷാര്‍ജയിലെത് . കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ ശ്രീലങ്കന്‍ ടീമിന് നേരെ ഉണ്ടായ ആക്രമണമാണ് യു.ഏ.ഇ ക്ക് മത്സര വേദിയാകാന്‍ അവസരമൊരുക്കിയത്.