ഷാര്‍ജ: വ്യവസായ മേഖല പതിമൂന്നിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ അഞ്ചോളം വെയര്‍ ഹൗസുകള്‍ കത്തിയമര്‍ന്നു. കോടിക്കണക്കിനു ദിര്‍ഹാമിന്റെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടടുത്താണ് ജീകോ കമ്പനിക്കും എമിറേറ്റ്‌സ് റോഡിനുമിടയിലെ ഒരു വെയര്‍ ഹൌസില്‍ നിന്നു തീയും പുകയും ഉയരാന്‍ തുടങ്ങിയതെന്ന് പരിസര വാസികളായ തൊഴിലാളികള്‍ പറഞ്ഞു. നിമിഷ നേരം കൊണ്ട് ആളിപ്പടര്‍ന്ന തീ സമീപത്തെ മറ്റ് വെയര്‍ ഹൌസുകളിലെക്കും വ്യാപിക്കുകയായിരുന്നു.

ഹൗസ് ഹോള്‍ഡ് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന വെയര്‍ ഹൗസിനാണ് ആദ്യം തീ പിടിച്ഛതെന്ന് കരുതുന്നു. കട്ടിയുള്ള കറുത്ത പുക പ്രദേശമാകെ മൂടിയത് ദൂരക്കാഴ്ച മറച്ചതിനാല്‍ എമിറേറ്റ്‌സ് റോഡ് വഴിയുള്ള ഗതാഗതം പോലീസ് നിയന്ത്രിച്ചു. ഷാര്‍ജ സിവില്‍ ഡിഫന്‍സ് വിഭാഗം മണിക്കൂറുകളുടെ ശ്രമ ഫലമായി രാത്രി വൈകിയാണ് അഗ്‌നി പൂര്‍ണമായും അണച്ചത്. വേനല്‍ കടുത്തതോടെ ഷാര്‍ജയില്‍ തീ പിടിത്തങ്ങളും നിത്യ സംഭവമായിട്ടുണ്ട്.