പത്തനംതിട്ട: ഷാര്‍ജാ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് ഇന്നലെ കീഴടങ്ങിയ മുഖ്യപ്രതി സ്വദേശിനി സൗദാ ബീവിയെ കോടതിയില്‍ ഹാജരാക്കി. സൗദയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യാന്‍ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

എമിഗ്രേഷന്‍ നിയമങ്ങളുടെ ലംഘനം, സ്ത്രീകളെ വിദേശത്തേക്ക് കടത്തല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. അതേസമയം ചോദ്യംചെയ്യലില്‍ സൗദ കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്.

ഇന്നലെ രാവിലെയാണ് സൗദ പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. കേസന്വേഷിക്കുന്ന പ്രത്യേകസംഘം നടത്തിയ ചോദ്യംചെയ്യലിലാണ് യുവതിയെ പെണ്‍വാണിഭസംഘത്തിനു കൈമാറിയതായി സൗദ കുറ്റസമ്മതം നടത്തിയത്.

ഐജി പത്മകുമാറിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി അജിത്ത്, സിഐ ആര്‍.ജയരാജ്, തിരുവനന്തപുരത്തുനിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സൗദയെ ചോദ്യം ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇന്ന് പുലര്‍ച്ചവരെ നീണ്ടുനിന്നു.

ഒരു വര്‍ഷമായി തുടരുന്ന കേസില്‍ സൗദ ഹൈക്കോടതിയില്‍നിന്ന് നേരത്തെ ജാമ്യമെടുത്തിരുന്നു. ജാമ്യ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് അഭിഭാഷകരോടൊപ്പമെത്തി സൗദ കീഴടങ്ങിയത്.

ഷാര്‍ജയില്‍ സെയില്‍സ് ഗേള്‍ തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ വിദേശത്തേക്കു കൊണ്ടുപോയതെന്നു സൗദ വ്യക്തമാക്കി. ഷാര്‍ജയില്‍വെച്ചു തന്നെ സെക്‌സ് റാക്കറ്റിനു കൈമാറിയതായും ആഴ്ചകളോളം പീഡിപ്പിച്ചതായും യുവതി പോലീസിനു മൊഴി നല്‍കിയിരുന്നു.

കേസിലെ രണ്ടാം പ്രതി കാസര്‍ഗോഡ് സ്വദേശി അഹമ്മദുകുട്ടിക്കെതിരായും സൗദയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.