ഷാര്‍ജ: ശക്തമായ കാറ്റിലും കടല്‍ക്ഷോഭത്തിലുംപ്പെട്ട് നിയന്ത്രണം വിട്ട കപ്പല്‍ കരക്കടിഞ്ഞു. ഷാര്‍ജ ഹിറാ ബീച്ചില്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. കപ്പല്‍ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് കോസ്റ്റ് ഗാര്‍ഡും ഷാര്‍ജ പോലീസും അറിയിച്ചു. ‘ലേഡി റാന’ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലായി യു.എ.ഇ തീരത്ത് ശക്തമായ കാറ്റ് വീശിയിരുന്നു. ശക്തമായ തിരകളില്‍പ്പെട്ടാണ് കപ്പല്‍ നിയന്ത്രണം വിട്ട് തീരത്തേക്ക് നീങ്ങാന്‍ തുടങ്ങിയത്.

ശനിയാഴ്ച രാത്രി കപ്പലില്‍ നിന്നുള്ള അപായ സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹമാണ് തീരത്ത് വിന്യസിച്ചിരുന്നത്. തിരമാലകളില്‍ ആടിയുലഞ്ഞ കപ്പലില്‍ നിന്നും പലപ്പോഴും തീപ്പൊരികളും ഉയര്‍ന്നിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ പാകിസ്ഥാന്‍ സ്വദേശി അബ്ദുല്‍ റഹീം വ്യക്തമാക്കി.

ഹിറാ തീരത്തെ പാറക്കൂട്ടങ്ങള്‍ കൊണ്ട് തീര്‍ത്ത തടയണയിലും മണലിലുമിടിച്ചാണ് കപ്പല്‍ ഒരു വശം ചെരിഞ്ഞ് നിന്നത്. കപ്പലിലെ ജീവനക്കാരെ രക്ഷിക്കുന്നതിനും തീരത്ത് കപ്പലടിഞ്ഞുണ്ടാകുന്ന അപകടം നേരിടുന്നതിനുമായി പോലീസ് സംവിധാനമൊരുക്കിയിരുന്നു. കപ്പലിലെ ചരക്കുകളെക്കുറിച്ച് വ്യക്തമായ വിവരമൊന്നുമില്ല. കഴിഞ്ഞയാഴ്ചയും ഒരു ചെറു കപ്പല്‍ ഇത്തരത്തില്‍ തീരത്ത് അടിഞ്ഞിരുന്നു.