ന്യൂദല്‍ഹി: കായിക മന്ത്രിയായി അജയ് മാക്കന്‍ തുടരുകയാണെങ്കില്‍ സ്‌കൂളുകളില്‍ ശാരീരിക ക്ഷമതയ്ക്കും ഇനി മാര്‍ക്ക് ലഭിക്കും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സ്‌പോര്‍ട്‌സ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുമായി രാജ്യത്തെ വിദ്യാലയങ്ങളില്‍ ഫിസിക്കല്‍ ഫിറ്റ്‌നസിന് വെയിറ്റേജ് നല്‍കാന്‍ കായിക മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്.

Ads By Google

കായികമായി കഴിവുള്ള കുട്ടികളെ കണ്ടെത്താന്‍ ഇതേറെ സഹായിക്കുമെന്നും കായികമന്ത്രാലയം പറയുന്നു. അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികളിലെ ഫിസിക്കല്‍ ഫിറ്റ്‌സനുമായി ബന്ധപ്പെട്ട ആറ് കാര്യങ്ങള്‍ പരിശോധിക്കാനാണ് കായിക മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം, മസിലുകളുടെ ശക്തി, മസിലുകളുടെ സ്ഥിരത, മെയ്‌വഴക്കം, ശരീരത്തിലെ ഘടകങ്ങള്‍, ശക്തി എന്നിവയാണ് പരിശോധിക്കുക.

ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന നാഷണല്‍ ഫിസിക്കല്‍ ഫിറ്റ്‌നസ് പ്രോഗ്രാം ഫോര്‍ സ്‌കൂള്‍ ചില്‍ഡ്രണ്‍ പദ്ധതിയുടെ ഡ്രാഫ്റ്റ് കായികമന്ത്രി പുറത്തുവിട്ടു. അക്കാദമിക് പരിശീലനങ്ങള്‍ക്ക് നല്‍കുന്ന അതേ പ്രാധാന്യം കായിക പരിശീലനങ്ങള്‍ക്കും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുടെ ഡ്രാഫ്റ്റ് അനുസരിച്ച് ആദ്യസ്ഥാനത്തുള്ള 10% പേര്‍ക്ക് അക്കാദമിക്ക് തലത്തില്‍ ലഭിച്ച മാര്‍ക്കിനൊപ്പം 3% വെയിറ്റേജ് ലഭിക്കും. 10-20%ത്തിനും ഇടയിലുള്ളവര്‍ക്ക് 2.5% വെയിറ്റേജും 20-30% ഇടയിലുള്ളവര്‍ക്ക് 2% വെയിറ്റേജും ലഭിക്കും.

ജനുവരിയിലും ജൂണിലുമാണ് കുട്ടികളുടെ കായികക്ഷമത പരിശോധിക്കുക. ഇത് അസസ്‌മെന്റ് കാര്‍ഡിലും സ്‌കൂളിന്റെ ഫിറ്റ്‌നസ് അസസ്‌മെന്റ് ചട്ടങ്ങളിലും രേഖപ്പെടുത്തും.

ഈ പദ്ധതി കോളേജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൂടി വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.