ടോക്കിയോ: അടുത്ത ശനിയാഴ്ച ആരംഭിക്കുന്ന ചൈന ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് റഷ്യന്‍ താരം മരിയ ഷറപ്പോവ പിന്‍മാറി. ടോക്കിയോയില്‍ നടന്ന് വരുന്ന പാന്‍ പസഫിക് ഓപ്പണ്‍ മത്സരത്തിനിടയിലേറ്റ പരിക്കാണ് ഷറപ്പോവക്ക് തിരിച്ചടിയായത്. പെട്ര ക്വിറ്റേവക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് റഷ്യന്‍ താരത്തിന് പരിക്കേറ്റത്. മത്സരത്തില്‍ സെര്‍വ്വ് ചെയ്യുന്നതിനിടെ ഷറപ്പോവയുടെ കണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു.

എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്ന് എം.ആര്‍.ഐ സ്‌കാനിംഗില്‍ തെളിഞ്ഞതായി ഷറപ്പോവ തന്റെ ഔദ്ദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കി. ഒക്‌ടോബര്‍ 25 മുതല്‍ ഇസ്താംബൂളില്‍ ആരംഭിക്കുന്ന ഡബ്ല്യുടിഎ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനാകുമെന്നും ഷറപ്പോവ പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരിയായ ഷറപ്പോവ കഴിഞ്ഞ വിംബിള്‍ഡണ്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലെത്തിയിരുന്നു.