ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ മുന്‍ ചാംപ്യന്‍ റഷ്യയുടെ മരിയ ഷറപ്പോവ ചെക്ക് റിപ്ലബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ നേരിടും. ശനിയാഴ്ചയാണ് ഫൈനല്‍. അഞ്ചാം സീഡായ ഷറപ്പോവ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തി സെമിയില്‍ കടന്ന ജര്‍മ്മനിയുടെ സബൈന്‍ ലിസിക്കിയെയാണ് 6-4 , 6-3 എന്ന സ്‌കോറിന് തകര്‍ത്തത്. നാലാം റാങ്കുകാരിയായ വിക്ടോറിയ അസരങ്കയെ സെമിയില്‍ കീഴടക്കിയാണ് ക്വിറ്റോവ ഫൈനലില്‍ എത്തിയത്. സ്‌കോര്‍: 6-1, 3-6, 6-2.

ലോക എട്ടാം നമ്പര്‍ താരമായ ക്വിറ്റോവ ആദ്യ സെറ്റു നേടിയെങ്കിലും രണ്ടാം സെറ്റില്‍ അടിപതറി. എന്നാല്‍, നിര്‍ണായകമായ മൂന്നാം സെറ്റില്‍ മികച്ച പ്രകടനത്തിലൂടെ മത്സരവും ഫൈനല്‍ ബര്‍ത്തും ഉറപ്പാക്കി. മുന്‍പ് മൂന്ന് തവണ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായ ചെക്ക് താരം ആദ്യമായാണ് ഒരു ഗ്രാന്‍സ്ലാം ഫൈനലിലെത്തുന്നത്.

Subscribe Us:

രണ്ടാം സെമിയില്‍ സ്‌റ്റെഫിഗ്രാഫിന് ശേഷം വിംബ്ള്‍ഡണ്‍ സെമിയിലെത്തുന്ന ആദ്യ ജര്‍മ്മന്‍ താരമെന്ന പെരുമയുമായെത്തിയ ലിസിക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് ഷറപ്പോവ ഫൈനലിലെത്തിയത്. സ്‌കോര്‍: 6-4, 6-3. മത്സരത്തിന്റെ ഒരവസരത്തില്‍പ്പോലും ലിസിക്കിക്ക് ഷറപ്പോവയ്ക്കു വെല്ലുവിളിയുയര്‍ത്താന്‍ സാധിച്ചില്ല. 2004 ലെ വിംബിള്‍ഡണ്‍ ജേത്രിയാണ് ഷറപ്പോവ.