ടോക്കിയോ: റഷ്യയുടെ മരിയ ഷറപ്പോവ പാന്‍ പസഫിക് ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. തായ്‌ലണ്ടിന്റെ താമറിന്‍ തനാസുഗണിനെ രണ്ടാം റൗണ്ടില്‍ രണ്ട് സെറ്റിന് തകര്‍ത്താണ് ഷറപ്പോവ മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍: 6-2, 7-5.

ആദ്യ സെറ്റ് മുപ്പത് മിനിറ്റിനുള്ളില്‍ അനായാസം സ്വന്തമാക്കിയ റഷ്യന്‍ താരത്തിനെ രണ്ടാം സെറ്റില്‍ ,  അല്‍പ്പം  വിറപ്പിച്ചതിന് ശേഷമാണ് തായ് താരം കീഴടങ്ങിയത്. രണ്ടാം സെറ്റില്‍ ആദ്യ മൂന്ന ഗെയിമുകള്‍ സ്വന്തമാക്കിയ ഷറപ്പോവ 3-0 എന്ന ലീഡിലേക്കുയര്‍ന്നു. എന്നാല്‍ തുടര്‍ന്നുള്ള ഏഴ് ഗെയിമുകളില്‍ അഞ്ചും താമറിന്‍ വിജയിച്ചതോടെ 5-5 എന്ന നിലയിലായി.

പിന്നീട് തന്റെ അനുഭവസമ്പത്ത പുറത്തെടുത്ത റഷ്യന്‍ സുന്ദരി പതിനൊന്നാമത്തെയും അവസാനത്തെയും ഗെയിമുകളും സെറ്റും വിജയിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു. മാര്‍ച്ച് പതിനൊന്നിന് നടന്ന ഭുകമ്പത്തിനും സുനാമിക്കും ശേഷം ആദ്യമായാണ് ഷറപ്പോവ ജപ്പാനില്‍ ടൂര്‍ണ്ണമെന്റിനിറങ്ങുന്നത്. ഫ്രാന്‍സിന്റെ ഏഴാം സീഡായ മരിയ ബര്‍ത്തോളിയും സെര്‍ബിയയുടെ എട്ടാം സീഡായ യലീന യാങ്കോവിച്ചും മൂന്നാം റൗണ്ടില്‍ കടന്നിട്ടുണ്ട്.