ന്യൂയോര്‍ക്ക്: റഷ്യയുടെ മരിയ ഷറപ്പോവ യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ വനിതാ വിഭാഗം സിംഗിള്‍സ് സെമിഫൈനലില്‍ കടന്നു. മഴ തടസപ്പെടുത്തിയ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സിന്റെ മരിയന്‍ ബ്രിട്ടോളിയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് മൂന്നാം സീഡായ ഷറപ്പോവ സെമിയില്‍ ഇടംനേടിയത്. സ്‌കോര്‍: 3-6, 6-3, 6-4.

Ads By Google

റഷ്യന്‍ താരം 4-0ന് പിന്നില്‍നിന്ന അവസരത്തിലാണ് മഴ കടന്നുവന്നത്. ആറ്‌ മണിക്കൂറുകളോളം നീണ്ട്  നിന്ന മഴ മൂലം യു.എസ് ഓപ്പണിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം മാറ്റിവച്ചിരുന്നു. ആദ്യ സെറ്റ് ബ്രിട്ടോളിയ്ക്ക് മുന്നില്‍ അടിയറവുവെച്ച ഷറപ്പോവ രണ്ടും മൂന്നും സെറ്റുകളില്‍ മികച്ച തിരിച്ചുവരവ് നടത്തിയാണ് സെമിയില്‍ കടന്നത്.

സെമിയില്‍ ടോപ് സീഡ് ബലാറസിന്റെ വിക്ടോറിയ അസരങ്കെയാണ് ഷറപ്പോവയുടെ എതിരാളി. നിലവിലെ ചാമ്പ്യനും ഏഴാം സീഡുമായ ഓസ്‌ട്രേലിയയുടെ സമാന്ത സ്‌ട്രോസറെ പരാജയപ്പെടുത്തിയാണ് അസരങ്കെ സെമിയില്‍ എത്തിയത്.

അതേസമയം അഞ്ച് തവണ യു.എസ് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ് പട്ടം കരസ്ഥമാക്കിയ റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ പുറത്തായി. തോമസ് ബെര്‍ഡിയാക് ആണ് ഫെഡററെ പുറത്താക്കിയത് സ്‌കോര്‍ 7-6,6-4,3-6,6-3

ടെന്നീസ് സുന്ദരി ഷറപ്പോവ ഇനി ഷുഗര്‍പോവ