എഡിറ്റര്‍
എഡിറ്റര്‍
അടുത്ത കരണത്തടി കപില്‍ സിബലിന്: ഹര്‍വീന്ദര്‍ സിംഗിനെ സൂക്ഷിക്കണമെന്ന് ഐബി
എഡിറ്റര്‍
Thursday 21st June 2012 9:30am

ന്യൂദല്‍ഹി: 27 കാരനായ ഹര്‍വീന്ദര്‍ സിംഗിനെ പേടിക്കേണ്ട ഗതിവന്നിരിക്കുകയാണ് കേന്ദ്രമന്ത്രിമാര്‍ക്ക്. കഴിഞ്ഞവര്‍ഷം രണ്ട് പ്രമുഖ രാഷ്ട്രീയക്കാരെ അടിച്ച ഹര്‍വീന്ദര്‍ മറ്റൊരു രാഷ്ട്രീയക്കാരന്റെ കരണത്തടിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. ടൈംസ് ഓഫ്  ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വിലക്കയറ്റത്തിന്റെ പേരില്‍ കേന്ദ്ര കൃഷി മന്ത്രി ശരദ് പവാറിനെ കരണത്തടിച്ച ഹര്‍വീന്ദറിന്റെ അടുത്ത ഇര കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബലാണെന്നാണ് ഐബി റിപ്പോര്‍ട്ട്. വിലക്കയറ്റവും അഴിമതിയുമാണ് ഇത്തവണയും ഹര്‍വീന്ദറിനെ പ്രകോപിപ്പിക്കുന്നത്.

കപില്‍ സിബലിനെ ആക്രമിക്കുന്നതിന് ചില സംഘടനകളുടെ പിന്തുണ ഹര്‍വീന്ദറിനുണ്ടെന്ന് ഐ.ബിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.ബി ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ഹര്‍വീന്ദറിന്റെ വീട്ടിലെത്തി ഇതു സംബന്ധിച്ച് അദ്ദേഹത്തോട് ആരാഞ്ഞിരുന്നു. ഐ.ബി ഉദ്യോഗസ്ഥര്‍ തന്നെ വന്നു കണ്ട കാര്യം സ്ഥിരീകിരിച്ച ഹര്‍വീന്ദര്‍ സിംഗ്, കപില്‍ സിബലിനെ അടിക്കാന്‍ നല്ല അവസരം കാത്തിരിക്കുകയാണെന്ന് തങ്ങളോട് വെളിപ്പെടുത്തിയതായും ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.

ഹര്‍വീന്ദര്‍ സിംഗിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഐ.ബി ദല്‍ഹി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഹര്‍വീന്ദറിന്റെ നീക്കങ്ങളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. സിംഗിനെ ഭയന്ന് കപില്‍ സിബലിന്റെ പൊതുപരിപാടികളെ കുറിച്ചുള്ള വിവരങ്ങളെല്ലാം അതീവ രഹസ്യമാക്കി വച്ചിരിക്കുകയുമാണ് പൊലീസ്.

അതേസമയം ഹര്‍വീന്ദര്‍   മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുമെങ്കിലും ആക്രമിക്കാന്‍ സാധ്യത കുറവാണെന്നും ദല്‍ഹി പോലീസിലെ സീനിയര്‍ ഓഫീസര്‍ അഭിപ്രായപ്പെട്ടു.

2011 നവംബറിലാണ് ഹര്‍വീന്ദര്‍ സിംഗ് മുന്‍ മന്ത്രി സുഖ്‌റാമിന്റെ കരണത്തടിച്ചത്. ഈ സംഭവത്തിന് വന്‍ മാധ്യമശ്രദ്ധ ലഭിച്ചിരുന്നു. അഞ്ച് ദിവസം കഴിഞ്ഞ് നവംബര്‍ 24ന്  ശരദ് പവാറിനും ഹര്‍വീന്ദറിന്റെ അടികൊണ്ടു. ദല്‍ഹി മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ പവാറിനെ വിലക്കയറ്റത്തിനെതിരെ മുദ്രാവാക്യം മുഴക്കിയെത്തിയ സിംഗ് കരണത്ത് അടിക്കുകയായിരുന്നു.

പൊലീസ് ഹര്‍വീന്ദറിനെ അറസ്റ്റു ചെയ്‌തെങ്കിലും മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് മനസിലായതിനാല്‍ വിട്ടയച്ചു.

Advertisement