Categories

ശരത്പവാര്‍ ലോക്പാല്‍ സമിതിയില്‍ നിന്ന് രാജിവെച്ചു

sarath-pawarന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിനായുള്ള മന്ത്രിതല സമിതിയില്‍ നിന്നും കേന്ദ്രമന്ത്രി ശരത്പവാര്‍ രാജിവെച്ചു. ലോക്പാല്‍ ബില്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന അന്ന ഹസാരെയുടെ വിമര്‍ശനത്തെ തുടര്‍ന്നാണ് രാജി. വന്‍ തോതില്‍ ഭൂമി വങ്ങിക്കൂട്ടിയ ശരത് പവാറിനെപ്പോലുള്ളവരാണ് സമിതിയുടെ തലപ്പെത്തെന്നായിരുന്നു ഹസാരെയുടെ വിമര്‍ശനം.

അതേസമയം രാജ്യത്തെ ഉന്നതല ഉദ്യോഗസ്ഥരെയും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരെയും ഉള്‍പ്പെടെ അഴിമതി വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന തരത്തില്‍ ലോക്പാല്‍ ബില്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് അന്നാഹസാരെ നടത്തുന്ന ഉപവാസ സമരം രണ്ടാം ദിവസവും തുടരുകയാണ്. പാര്‍ലിമെന്റിന് മുന്നില്‍ ചൊവ്വാഴ്ചയാണ് ഹസാരെ നിരാഹാര സമരം തുടങ്ങിയത്.

ഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ച് ഒട്ടേറെ സര്‍ക്കാറിതര സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലടക്കം സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് ‘അഴിമതിക്കെതിരെ ഇന്ത്യ’ എന്ന പ്രസ്ഥാനത്തിന്റെ ബാനറില്‍ സത്യാഗ്രഹം നടത്തി.

നിലവിലുള്ള നിയമപ്രകാരം കീഴ്തട്ടിലുള്ള ഉദ്യോഗസ്ഥരെ മാത്രമേ അഴിമതി വിരുദ്ധ നടപടികള്‍ക്ക് വിധേയരാക്കാന്‍ കഴിയൂ എന്നാണ് അണ്ണാഹസാരെ അധ്യക്ഷനായ ‘അഴിമതിക്കെതിരെ ഇന്ത്യ’ എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. നടപടികള്‍ക്കായി സര്‍ക്കാറിന്റെ അനുമതിയും ആവശ്യമാണ്. സര്‍ക്കാറില്‍ സ്വാധീനം ചെലുത്താല്‍ കഴിയാത്ത വളരെ കുറച്ചുപേര്‍ക്കു മാത്രമേ ഈ നിയമത്തിന്റെ പരിധിയില്‍ ശിക്ഷ ലഭിക്കുകയുള്ളൂ. നടപടി ക്രമത്തിനാകട്ടെ വര്‍ഷങ്ങള്‍ ആവശ്യമായിവരികയും ചെയ്യും.

എന്നാല്‍ ഹസാരെക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഹസാരെയുടെ നടപടി അനാവശ്യവും അപക്വവുമാണെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.