ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ലെന്ന് കേന്ദ്രകൃഷി മന്ത്രി ശരത് പവാര്‍. പാര്‍ലമെന്റിന്റെ ചോദ്യോത്തര വേളയില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പ്രശ്‌നം ഉന്നയിച്ചപ്പോഴാണ് പവാര്‍ നിലപാട് വ്യക്തമാക്കിയത്.

എന്‍ഡോസള്‍ഫാന്റെ ഉപയോഗം ദോഷകരമല്ല. കാസര്‍ക്കോഡു നിന്നുമാത്രമാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലം ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്ത വന്നിട്ടുള്ളത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടങ്ങളില്‍ ആകാശമാര്‍ഗ്ഗം എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ് ജില്ലയില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമെന്നും പവാര്‍ പറഞ്ഞു.

മറ്റ് നിരവധി സംസ്ഥാനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നുണ്ട്. പല നേതാക്കളും കര്‍ഷകരും എന്‍ഡോസള്‍ഫാന് അനുകൂല നിലപാടാണ് എടുത്തിട്ടുള്ളത്. എന്തായാലും ഐ.സി.എ.ആറിന്റെ നേതൃത്വത്തില്‍ പുതിയ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി ഉണ്ടാകുമെന്നും ശരത് പവാര്‍ വ്യക്തമാക്കി.

എന്‍ഡോള്‍ഫാന്‍ വിഷയം ഇതുവരെ
നേരത്തേ എന്‍ഡോസള്‍ഫാന്‍ പഠനത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിനെ ചുമതലപ്പെടുത്തി ഐ.സി.എം.ആര്‍ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതുവരെയുള്ള പഠന റിപ്പോര്‍ട്ടുകള്‍, ഭാവി പരിപാടികള്‍ എന്നിവ ചര്‍ച്ച ചെയ്യാനായി രണ്ട് കമ്മിറ്റികളെ രൂപീകരിച്ചിട്ടുണ്ട്.

എന്നാല്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉപയോഗം നിരോധിച്ചുകൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഈയിടെ ഉത്തരവിറക്കിയിരുന്നു. അറുപതു ദിവസത്തേക്കായിരുന്നു നിരോധനം.

എന്‍ഡോസള്‍ഫാന്‍ ഉപയോഗം രാജ്യത്തുടനീളം വ്യാപിപ്പിക്കണമെന്നും കര്‍ണാടക മന്ത്രിസഭായോഗം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.കേരള അതിര്‍ത്തി പ്രദേശത്തെ എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്തായിരുന്നു നിരോധനം.

എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്ന് മുറവിളി ഉയരുന്ന സമയത്താണ് കേന്ദ്ര കൃഷിമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു സമീപനമുണ്ടായിരിക്കുന്നത്.

മാരക ദൂഷ്യഫലങ്ങളുണ്ടാക്കുന്ന ഈ കീടനാശിനി രാജ്യത്തുടനീളം നിരോധിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരതിബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു ഇത്തരമൊരു തീരുമാനമെടുത്തത്.

നേരത്തേ എന്‍ഡോള്‍ഫാന്‍ വിഷയം പഠിക്കാന്‍ സി.ഡി മായിയുടെ നേതൃത്വത്തില്‍ പഠനസംഘത്തെ കേന്ദ്രം നിയോഗിച്ചിരുന്നു . എന്നാല്‍ എന്‍ഡസള്‍ഫാന്‍ മനുഷ്യന് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ലെന്നായിരുന്നു സംഘം കണ്ടെത്തിയത്.

എന്നാല്‍ ഇതേ മായിയെ പുതിയ കമ്മീഷനിലും നിലനിര്‍ത്തുമെന്ന് കേന്ദ്രം വ്യക്തമാക്കിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു. ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്ന വിദഗ്ധനെ അധ്യക്ഷനാക്കി പുതിയ സമിതി രൂപീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ‍. കൃഷി, പരിസ്ഥിതി മന്ത്രാലയങ്ങള്‍ നിര്‍ദേശിക്കുന്നവരും സമിതിയിലുണ്ടാകും.

ഈ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുക.