ന്യൂദല്‍ഹി: ഇടമലയാര്‍കേസില്‍ മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ സുപ്രീംകോടതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം അസംബന്ധമാണെന്ന് പ്രശസ്ത അഭിഭാഷകന്‍ ശാന്തിഭൂഷണ്‍. ഇടമലയാര്‍ കേസില്‍ ഫീസ് വാങ്ങാതെയാണ് താന്‍ മുഖ്യമന്ത്രിക്കുവേണ്ടി വാദിച്ചതെന്നും ശാന്തിഭൂഷണ്‍ വ്യക്തമാക്കി.

ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് സുപ്രീംകോടതിയെ സ്വാധീനിക്കാനാവില്ല. പ്രധാനമന്ത്രിക്കോ മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കോ ഇതിനു കഴിഞ്ഞേക്കും. ഇടമലയാര്‍ കേസിലെ ഹൈക്കോടതി വിധി പ്രതികള്‍ക്കുവേണ്ടി എഴുതിയതാണെന്ന് സംശയം തോന്നിയിരുന്നു. ഹൈക്കോടതിയിലെ പല ജഡ്ജിമാരും ക്ലീന്‍ ഇമേജ് ഉള്ളവരല്ലെന്നും ഉന്നതര്‍ ഇടപെട്ട കേസുകളില്‍ അവര്‍ക്കെതിരേ വിധിപ്രഖ്യാപിക്കാന്‍ ഇത്തരം ജഡ്ജിമാര്‍ക്ക് സാധിക്കാറില്ലെന്നും ശാന്തിഭൂഷണ്‍ വ്യക്തമാക്കി.

ഇടമലയാര്‍ കേസില്‍ പണംവാങ്ങാതെയാണ് താന്‍ മുഖ്യമന്ത്രിക്കായി വാദിച്ചത്. അഴിമതികേസുകളില്‍ വാദിക്കുന്നതിനായി താന്‍ ഫീസ് വാങ്ങാറില്ല. ഇടമലയാര്‍ കേസില്‍ അഴിമതിയുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഫീസ് വാങ്ങാതെ വാദിക്കാന്‍ താന്‍ തയ്യാറായതെന്നും ശാന്തിഭൂഷണ്‍ പറഞ്ഞു.

നേരത്തേ ജഡ്ജിമാരെ സ്വാധീനിച്ചാണ് മുഖ്യമന്ത്രി ഇടമലയാര്‍ കേസില്‍ വിധിസമ്പാദിച്ചതെന്ന്് കെ.ബി ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു. ബാലകൃഷ്ണപിള്ളയെ ഒരുവര്‍ഷത്തേക്ക് ശിക്ഷിക്കുമെന്ന് വിധിവരുന്നതിന് തലേദിവസം മുഖ്യമന്ത്രി മറ്റൊരു മന്ത്രിയോട് പറഞ്ഞതായും ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു.