ന്യൂദല്‍ഹി: രണ്ടു മക്കളുടെ അമ്മയും മുപ്പത്തഞ്ച്കാരിയുമായ ശാന്തി ടിഗ്ഗ കരസേനയിലെ ആദ്യ വനിതാ ജവാന്‍. കരസേനയുടെ കായികക്ഷമതാ പരീക്ഷയില്‍ പുരുഷന്മാരെ കടത്തിവെട്ടിയാണ് സാപ്പര്‍ ശാന്തി ടിഗ്ഗ ടെറിട്ടോറിയല്‍ ആര്‍മിയുടെ 969 റെയില്‍വേ എന്‍ജിനീയറിംഗ് റെജിമെന്റില്‍ നിയമനം നേടിയത്.ഇതോടെ വര്‍ഷങ്ങളായി പുരുഷന്മാര്‍ മാത്രം കൈയടക്കിവെച്ചിരുന്ന കരസേനയുടെ സൈനികവിഭാഗത്തിലെ ആദ്യവനിതയെന്ന അപൂര്‍വ ബഹുമതിയും ശാന്തി സ്വന്തമാക്കി.

ശാരീരിക ക്ഷമതാ പരിശോധനയില്‍ പുരുഷന്മാരെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ചാണ് ശാന്തി പതിമൂന്നു ലക്ഷം ജവാന്മാരിലെ ഏക വനിതയായി തിരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക ക്ഷമതാ പരിശോധനയില്‍ 1.5 കിലോമീറ്റര്‍ ഓട്ടം പുരുഷന്മാരെക്കാള്‍ അഞ്ചുസെക്കന്‍ഡ് കുറവില്‍ ഫിനിഷ് ചെയ്ത ശാന്തി 50 മീറ്റര്‍ ഓടി തീര്‍ക്കാനെടുത്തത് 12 സെക്കന്‍ഡ.് ഫയറിങ് വിഭാഗത്തിലും മികച്ച പ്രകടനമാണ് ശാന്തി നടത്തിയത്.

Subscribe Us:

പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ ഇന്ത്യന്‍ റെയില്‍വേ ജീവനക്കാരിയാണ് വിധവ കൂടിയായ ശാന്തി. ഭര്‍ത്താവിന്റെ മരണശേഷം 20005ലാണ് ശാന്തി റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചത്. ടെറിട്ടോറിയല്‍ ആര്‍മിയുടെ റെയില്‍വേ വിംഗില്‍ സന്നദ്ധസേവനം ചെയ്യവെ, സൈന്യത്തില്‍ ഓഫീസര്‍ തസ്തികയ്ക്കു താഴെ സ്ത്രീകള്‍ ജോലിചെയ്യുന്നില്ലെന്ന് അറിഞ്ഞതോടെയാണ് ശാന്തി അതിനായി ശ്രമം തുടങ്ങിയത്. സേനയില്‍ ചേരുകയെന്നത് തന്റെ സ്വപ്നമായിരുന്നെന്നും ഒലിവ്ഗ്രീന്‍ യൂനിഫോമും ഫയര്‍ഗണ്ണും താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും അവര്‍ പറഞ്ഞു.