കോഴിക്കോട്: പ്രശസ്ത നടി കോഴിക്കോട് ശാന്താദേവി അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ വൈകീട്ട് എട്ട് മണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശാന്താദേവി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അവശതയാലും രോഗങ്ങളാലും വിഷമിച്ചിരുന്ന ശാന്താദേവി ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. കുറച്ചു ദിവസം സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ കഴിഞ്ഞ ശാന്താദേവിയെ അവരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് നല്ലളത്തെ സ്വന്തം വീട്ടിലേക്കു മാറ്റിയിരുന്നു. പിന്നീട് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

യമനം എന്ന ചിത്രത്തിലെ അഭിനയത്തിന് 1992ല്‍ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ശാന്താ ദേവിക്ക് ലഭിച്ചിട്ടുണ്ട്. രാമുകാര്യാട്ടിന്റെ മിന്നാമിനുങ്ങാണ് ആദ്യ സിനിമ.2005ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. കേരള കഫേയിലെ ബ്രിഡ്ജ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 45ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

കോഴിക്കോട്ടെ സമ്പന്നമായ നാടക വേദിയിലൂടെ അരങ്ങിലെത്തിയ ശാന്താദേവി മലബാറിലെ കലാ-സാംസ്‌കാരിക രംഗത്തെ പ്രതിരൂപമായാണ് അറിയപ്പെട്ടിരുന്നത്. സ്ത്രീത്വത്തിന്റെ മൂര്‍ച്ഛയുള്ള ഭാവങ്ങള്‍ അരങ്ങിലെത്തിച്ച നടിയായിരുന്നു ശാന്താദേവി. മകന്റെ ആത്മഹത്യയെ തുടര്‍ന്ന് കുറച്ച് കാലം അനാഥാവസ്ഥയിലാരുന്ന അവരെ പിന്നീട് ജില്ലാ ഭരണകൂടവും സഹൃദയരും സംരക്ഷിക്കുകയായിരുന്നു.