എഡിറ്റര്‍
എഡിറ്റര്‍
നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ പേരില്‍ എഡിറ്റര്‍മാര്‍ വിമര്‍ശിക്കപ്പെടുന്നു; യു.പിയിലേതടക്കമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം എന്റെ ജോലിയുടെ സ്വഭാവം മാറി: ഷാനി പ്രഭാകരന്‍
എഡിറ്റര്‍
Thursday 20th April 2017 10:28pm

 

കോഴിക്കോട്: സത്യസന്ധമായ് വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിന്റെ പേരില്‍ സമൂഹത്തില്‍ നിന്ന് അധിക്ഷേപങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നതായ് മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരന്‍. എഡിറ്റര്‍മാരില്ലാത്ത മാദ്ധ്യമലോകം എന്ന സെമിനാറില്‍ സംസാരിക്കവേയാണ് ഷാനി സത്യസന്ധമായ് വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിന്റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.


Also read ‘ഒടുവില്‍ സിങ്കമിറങ്ങി’; മോഹന്‍ലാല്‍ സര്‍, KRK എന്ന് പേരുള്ള ഒരു കുരങ്ങന്‍ മൃഗശാലയില്‍ നിന്ന് ചാടി; പുലിമുരുഗന്‍ സ്‌റ്റൈലില്‍ ഒന്ന് പിടിച്ച് നല്‍കണം; ട്വീറ്റുമായ് സൂര്യ 


പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ എഡിറ്ററായി പ്രവര്‍ത്തിക്കുന്നത് തെറ്റുപറ്റുമോയെന്ന ഭയമാണെന്ന് പറയുന്ന ഷാനി തെറ്റു വരുത്തരുത് എന്നുള്ള ഉറച്ച് വിശ്വാസം മാത്രമാണ് സ്വയം എഡിറ്ററായ് പ്രവര്‍ത്തിക്കുമ്പോഴുള്ള കൈമുതലെന്നും പാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കുന്നു.

മാധ്യമപ്രവര്‍ത്തകര്‍ തെറ്റായ റിപ്പേര്‍ട്ടിങ്ങിന്റെ പേരിലാണ് വിമര്‍ശിക്കപ്പെടേണ്ടതെങ്കില്‍ ഇന്ന് ശരിയായ നിലപാടുകള്‍ സ്വീകരിക്കുകയും അത് അവതരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് നേരെയാണ് വിമര്‍ശനങ്ങളെന്നും അവരാണ് അധിക്ഷേപങ്ങള്‍ക്ക് ഇരയാകുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു.

പുലിമുരുകന്‍ സിനിമയുടെ റിലീസിങ്ങിന് ശേഷം പറയാതെ വയ്യ എന്ന പരിപാടിയില്‍ സിനിമയെക്കുറിച്ചുള്ള നിലപാടുക്ള്‍ വ്യക്തമാക്കിയതിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും ഷാനി ചര്‍ച്ചയില്‍ വ്യക്തമാക്കുന്നുണ്ട്. കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും പലരും പ്രോഗ്രാം എഡിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോഴും തന്റെ ചാനലിലെ പരിപാടിയുടെ ഉള്ളടക്കം പുറമേയുള്ളവരല്ല തീരുമാനിക്കേണ്ടതെന്ന ചാനല്‍ നിലപാട് കൊണ്ടാണ് അത് സംപ്രേക്ഷണം ചെയ്തതെന്നും ഷാനി വ്യക്തമാക്കുന്നുണ്ട്.

യു.പിയിലടക്കം ബി.ജെ.പി വിജയം നേടിയ മാര്‍ച്ച് പതിനൊന്നിന് ശേഷമുള്ള തന്റെ മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വഭാവം മാറിയിട്ടുണ്ടെന്നും ഷാനി വ്യക്തമാക്കി. ”ആ തെരഞ്ഞെടുപ്പ് വിജയം തന്നെ കടുത്ത നിരാശയിലാക്കി. തീര്‍ത്തും ശരിയായ രാഷ്ട്രീയ ചര്‍ച്ചകളിലേക്കും നിലപാടുകളിലേക്കും എത്തേണ്ട ഒന്നാണ് ഈ മാര്‍ച്ച് പതിനൊന്നിലെ വിജയം മാധ്യമങ്ങളെ ഓര്‍മിപ്പിച്ചത് . വൈകാരികപരമായ പ്രകോപനങ്ങള്‍ ഉണ്ടായികൊണ്ടേയിരിക്കും. എന്നാല്‍ ശരിയായ ചോദ്യങ്ങള്‍ ചോദിക്കാത്തത് കുറ്റകരമായി മാറുന്ന കാലമാണ് ഇത് ‘ ഷാനി പറയുന്നു


Dont miss ‘കുരിശു പൊളിച്ചത് വന്‍കിട കയ്യേറ്റങ്ങള്‍ സംരക്ഷിക്കാന്‍’; 144 പ്രഖ്യാപിച്ചത് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കള്ളമെന്നും രമേശ് ചെന്നിത്തല 


ചാനലില്‍ എഡിറ്റര്‍മാര്‍ പല വെല്ലുവിളികളും നേരിടേണ്ടി വരുന്നുണ്ടെന്ന് പറയുന്ന ഷാനി പ്രേക്ഷകര്‍ നിലപാട് സ്വീകരിച്ചതിന് ശേഷമാണ് തങ്ങളത് ചര്‍ച്ചയ്‌ക്കെടുക്കുന്നത് എന്ന്ത് വെല്ലുവിളിയാണെന്നും പറയുന്നു.

‘വാര്‍ത്തകള്‍ സംഭവിച്ച ശേഷം സോഷ്യല്‍ മീഡിയയിലടക്കം പ്രേക്ഷകര്‍ തങ്ങളുടെ നിലപാട് പറഞ്ഞതിന് ശേഷമാണ് തങ്ങള്‍ ചാനലുകളില്‍ അവ ചര്‍ച്ചക്കെടുക്കുന്നത് എന്നത് മറ്റൊരു വെല്ലുവിളിയാണ്. മാധ്യമപ്രവര്‍ത്തനത്തിന്റെ എഡിറ്റേര്‍സ് ആയി മാറേണ്ടത് ഓരോ പ്രേക്ഷകനുമാണ്. തത്സമയ ടെലിവിഷന്‍ ചര്‍ച്ചകളിലാണ് എഡിറ്ററുടെ അസാന്നിധ്യം നമ്മള്‍ ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക .വസ്തുതകളുടെ കാര്യത്തില്‍ സംസാരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. അറിയില്ലെങ്കില്‍ അറിയില്ല എന്ന് പറയുക. ഇന്ന് ടെലിവിഷന്‍ ചര്‍ച്ചകളില്‍ എത്രത്തോളം അവതാരകര്‍ തങ്ങളുടെ അറിവില്ലായ്മ അംഗീകരിക്കും എന്ന് ചോദിച്ചാല്‍ എനിക്ക് സത്യസന്ധമായി ഒരു ഉത്തരം നിങ്ങളോട് പറയാന്‍ പറ്റില്ല.”

മാധ്യമപ്രവര്‍ത്തനത്തില്‍ തന്റെ തുടക്കത്തെക്കുറിച്ച് പറയുന്ന ഷാനി ആ സാഹചര്യത്തെ നേരിട്ടതെങ്ങനെയാണെന്നും വ്യക്തമാക്കുന്നുണ്ട്. ‘എഡിറ്റര്‍മാരില്ലാതെ വാര്‍ത്തകള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ കാലത്ത് അത്തരം വാര്‍ത്തകള്‍ അവതരിപ്പിച്ച തുടങ്ങിയ വ്യക്തിയാണ് താന്‍. മനോരമ ന്യൂസിന്റെ ന്യൂസ് അവര്‍ എന്ന പരിപാടിയിലൂടെയായിരുന്നു അത്. നമുക്കൊരു നിലപാടുകള്‍ എടുക്കേണ്ടി വരുന്ന പരിപാടി അവതരിപ്പിക്കാനാണ് നിയോഗിക്കപ്പെടുന്നത്.

എന്റെ ഏറ്റവും വലിയ പേടി അത് താനങ്ങെനെ കൈകര്യം ചെയ്യുമെന്നുള്ളതായിരുന്നു. അതിനുമാത്രമുള്ള അനുഭവ സമ്പത്തില്ല എന്നതും രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് അറിവില്ല എന്നതുമായിരുന്നു എന്റെ പേടി. അന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞ് തന്നത് നിങ്ങള്‍ നിലപാടെടുക്കുക എന്നായിരുന്നു ലഭ്യമായ വസ്തുകളുടെ അടിസ്ഥാനത്തില്‍ നിലപാടെടുക്കുക എന്നാണ്. ലഭ്യമല്ലാത്ത, വസ്തുതയല്ലത്ത ഒന്നിനെ ക്കുറിച്ചും സംസാരിക്കാതെയിരിക്കുക. ഉറപ്പല്ലാത്ത ഒരു കാര്യത്തെയും അംഗീകരിക്കാതിരിക്കുക. അതിനെ ചോദ്യം ചെയ്ത് കൊണ്ടേയിരിക്കുക എന്നതായിരുന്നു’ ഷാനി പറയുന്നു.


You must read this മൃതദേഹം സൈക്കിളില്‍ കെട്ടിവച്ച് മരപ്പാലത്തിലൂടെ വീട്ടിലെത്തിച്ച സംഭവം അന്വേഷിക്കാനെത്തിയ സംഘം പാലം തകര്‍ന്ന് പുഴയില്‍ വീണു 


എന്നാല്‍ അന്നു മുതല്‍ ഇന്നു വരെ താന്‍ തന്റെ എഡിറ്ററായി കാണുന്നത് ഈ പേടിയെയാണെന്ന് പറയുന്ന ഷാനി പത്ത് വര്‍ഷമായി തുടര്‍ച്ചയായി പരിപാടി അവതരിപ്പിക്കേണ്ടി വരുമ്പോഴും സ്ഥാപനത്തില്‍ തന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുന്നത് ഈ തെറ്റ് പറ്റുമോയെന്ന ഈ പേടിയാണെന്നും പറയുന്നു. തെറ്റു വരുത്തരുത് എന്നുള്ള ഉറച്ച വിശ്വാസം മാത്രമാണ് തനിക്കുള്ള കൈമുതലെന്നും ഷാനി വ്യക്തമാക്കി.

‘പറയാതെ വയ്യ’ എന്ന പരിപാടിയില്‍ പുലിമുരുകനെക്കുറിച്ച് നിലപാട് സ്വീകരിച്ചതിന്റെ പേരിലുണ്ടായ കാര്യങ്ങളെക്കുറിച്ച് ഷാനി പറയുന്നു.

‘പുലിമുരുകന്‍ എന്ന സിനിമ നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ചതിന്റെ പിറ്റേ ആഴ്ച ‘പറയാതെ വയ്യ’ ആ വിഷയം എടുത്തു. ആ വിഷയം എടുത്തത് പുലിമുരുകനെ അഭിനന്ദിച്ച് കൊണ്ടായിരുന്നില്ല. കാരണം ‘പറയാതെ വയ്യ’ അഭിനന്ദിക്കാനുള്ള പ്രോഗ്രാമല്ല. അല്ലെങ്കിലും ആ സിനിമ അഭിനന്ദിക്കപ്പെടേണ്ട സിനിമയാണെന്ന്‌ വിചാരിക്കാത്ത മാധ്യമ പ്രവര്‍ത്തകയാണ് താന്‍.

ഞാനതില്‍ രണ്ട് മൂന്ന് വാചകങ്ങള്‍ എഴുതി വച്ചിരുന്നു നൂറുകോടി ക്ലബിലത്തെുന്ന ചിത്രത്തില്‍ പോലും എന്തിനായിരുന്നു സ്ത്രീ വിരുദ്ധത? ഇത്രമേല്‍ ആളുകളെ സ്വാധീനിക്കന്‍ കഴിയുന്ന ജനകീയ താരത്തിന് പോലും സിനിമയില്‍ ഒളിഞ്ഞും തെളിഞ്ഞും വംശീയത കലര്‍ത്തേണ്ടി വരുന്നത് എന്തിനാണ്?

ഒരു സമുദായത്തിലെ ആളുകളെ വളരെ ടിപ്പിക്കലായി മോശക്കാരായി ചിത്രീകരിക്കുന്നു. ഇത്രയും കാലം പലരും ചെയ്തതാണ് ഇത്. എല്ലാ കള്ളക്കടത്തിന്റെയും പ്രതിലോമകരമായ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായി അവതരിപ്പിച്ചുകയാണ് പുലിമുരുകനും ചെയ്തത്. 100 കോടി തികയ്ക്കാന്‍ പര്യപ്തമായ മറ്റ് ഘടകങ്ങള്‍ ഉണ്ടായിട്ടും എന്തിനാണ് ഇങ്ങനെ ചെയ്തത്?

ഈ പരിപാടി വൈകീട്ട് എയര്‍ ചെയ്തതിന് പിന്നാലെ ഫോണ്‍വിളികള്‍ വന്നുകൊണ്ടിരുന്നു. പ്രോഗ്രാമുകളുടെ ഉള്ളടക്കത്തിന് മറുപടി പറയേണ്ടി വന്ന ജോണി സാറിനാണ് ഫോണ്‍വിളി വന്നത്. അദ്ദേഹം മറ്റ് തിരക്കുകളില്‍ ആയതിനാല്‍ കോളുകള്‍ എടുത്തിരുന്നില്ല. പുലിമുരുകന്റ നിര്‍മ്മാതാവും മറ്റുള്ളവരുമാണ് വിളിച്ചത്.

പരിപാടി വീണ്ടും സംപ്രേഷണം ചെയ്യുന്നത് തടയുക എന്നതിനായിരുന്നു ഈ ഫോണ്‍വിളികള്‍. ഇതേക്കുറിച്ച് ജോണിസാര്‍ ചോദിച്ചു എന്താണ് പറയാതെ വയ്യയില്‍ സ്വീകരിച്ച നിലപാടെന്ന്. സ്ത്രീവിരുദ്ധതയാണ് വിഷയമെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. എവിടെയാണ് സ്ത്രീവിരുദ്ധതയെന്ന ചോദ്യങ്ങള്‍ ഉണ്ടായപ്പോള്‍ ഓരോ രംഗവും വേണമെങ്കില്‍ ബോധ്യപ്പെടുത്താമെന്നും താന്‍ പറയുകയായിരുന്നു.

ഈ വിഷയത്തില്‍ മാര്‍ക്കറ്റിങ് വിഭാഗം മുഴുവന്‍ ഇളകുകയാണ് ഉണ്ടായത്. ഞായറാഴ്ച്ച ആയിട്ടു കൂടി അവധി ക്യാന്‍സല്‍ ചെയ്ത് മാര്‍ക്കറ്റിങ് വിഭാഗക്കാര്‍ എത്തി. സ്ത്രീവിരുദ്ധതയുണ്ടെന്നും സമുദായത്തെ അവഹേളിക്കുന്നതാണെന്നുമുള്ള പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്യണം എന്നതായിരുന്നു അവരുടെ ആവശ്യം. പരസ്യത്തിന്റെയും വിപണനത്തിന്റെയും സമ്മര്‍ദ്ദങ്ങളായിരുന്നു ഇതിന് കാരണം. എന്നാല്‍, എഡിറ്റ് ചെയ്യേണ്ട ആവശ്യമില്ല, എനിക്ക് ബോധ്യമായ കാര്യങ്ങളാണ് പറഞ്ഞതെന്നും ഉറച്ചു നിന്നു. അങ്ങനെ എഡിറ്റ് ചെയ്ത് പ്രോഗ്രാം സംപ്രേഷണം ചെയ്യേണ്ട എന്ന നിലപാടാണ് ഞാന്‍ സ്വീകരിച്ചിരുന്നത്.

പിന്നീട് സിനിമ ശരാശരിയിലും താഴെയാണ് എന്ന പരാമര്‍ശം പിന്‍വലിക്കാമോ എന്നായി അവരുടെ ചോദ്യം. ആ അഭിപ്രായം ഒരു പരിധിവരെ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും, സംപ്രേക്ഷണം ചെയ്ത വാര്‍ത്ത അങ്ങനെ പോകട്ടെ എന്ന് പിന്നീട് മനോരമ ന്യൂസ് മാനേജ്മെന്റ് തീരുമാനിക്കുകയിരുന്നു. ഈ സംഭവം കഴിഞ്ഞെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ പേരില്‍ തനിക്കെതിരെ സംഘടിതമായ ആക്രമണമാണ് നടന്നത്. എന്റെ പ്രൊഫൈല്‍ ചിത്രത്തില്‍ വരെ വന്നായിരുന്നു തെറിവിളി.’

ഇതിന് സമാനമായ വിമര്‍ശനം നേരിടേണ്ടി വന്നത് നോട്ട് നിരോധനത്തിന്റെ വേളയിലായിരുന്നു. അന്ന് നോട്ട് നിരോധനത്തിലെ വീഴ്ച്ചകളെ ചൂണ്ടിക്കാട്ടി ചര്‍ച്ച നയിച്ചതോടെ ഷാനിയുടെ വീട്ടില്‍ ഏഴ് ലക്ഷം കള്ളപ്പണം എന്ന് പറഞ്ഞ് പോസ്റ്റര്‍ തയ്യാറാക്കി പ്രചരിപ്പിക്കുകയായിരുന്നു ചെയ്ത്. ഇതിനെ ആദ്യം ചിരിച്ചു തള്ളിയെങ്കിലും പിന്നീട് ഗൗരവത്തോടെ തന്നെ സമീപിച്ചു. സൈബര്‍ സെല്ലിന് പരാതിയും നല്‍കി.’ ഷാനി പറഞ്ഞു.

ഷാനി പ്രഭാകരന്റെ പ്രസംഗത്തിന്റെ വീഡിയോ

 

Advertisement