swath-blast
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ സ്വാത്ത് താഴ്‌വരയില്‍ സ്‌ഫോടത്തില്‍ ആറു സൈനികര്‍ ഉള്‍പ്പെടെ 41 പേര്‍ കൊല്ലപ്പെട്ടു. അഞ്ചു സൈനികരുള്‍പ്പെടെ അന്‍പതോളം പേര്‍ക്കു പരുക്കേറ്റു. സ്വാത് താഴ്‌വരയ്ക്കു സമീപം ഷാങ്‌ലയില്‍ തിരക്കേറിയ തെരുവില്‍ സൈനികവാഹനത്തിനു നേരെയായിരുന്നു ചാവേര്‍ ബോംബ് സ്‌ഫോടനം. തെഹ്‌രികി താലിബാന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച ഷാംഗ്‌ല ജില്ലയിലെ തിരക്കേറിയ ചന്തയിലൂടെ സൈനിക വാഹനങ്ങള്‍ നീങ്ങവേ കാറില്‍വെച്ച ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സേ്ഫാടനത്തിന്റെ ആഘാതത്തില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്കുകളും വാഹനങ്ങളും നശിച്ചു. കെട്ടിടങ്ങള്‍ തകര്‍ന്നു.

റാവല്‍പിണ്ടിയില്‍ സൈനിക ആസ്ഥാനത്ത് ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ മൂന്നു കമാന്‍ഡോകള്‍ കൂടി മരിച്ചു. ഇതോടെ അഞ്ചു കമാന്‍ഡോകളും ആറു സൈനികരും ഒന്‍പതു ഭീകരരും മൂന്നു ബന്ദികളും ഉള്‍പ്പെടെ മൊത്തം 23 പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു. ഒരാഴ്ചക്കിടെ നാലു താവ്രവാദി ആക്രമണങ്ങളാണ് പാകിസ്ഥാനില്‍ നടന്നത്.

സ്വാത്ത്‌മേഖലയില്‍ താലിബാനെതിരായ നടപടി ഏതാണ്ട് പൂര്‍ത്തിയായെന്ന് അവകാശപ്പെട്ട പാക് സൈന്യത്തിന് തിരിച്ചടിയാണ് പുതിയ സംഭവവികാസങ്ങള്‍. സ്വാത്തില്‍ താലിബാന്‍ വിരുദ്ധ നടപടികള്‍ വീണ്ടും തുടങ്ങാന്‍ ഇതോടെ സൈന്യം നിര്‍ബന്ധിതരായിരിക്കുകയാണ്. ഭീകരാക്രമണമുണ്ടായ സ്ഥിതിക്ക് സൈനിക നടപടിയില്‍ നിന്നു പിന്നോട്ടുപോകില്ലെന്ന് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് വ്യക്തമാക്കി. തെക്കന്‍ വസീറിസ്ഥാനില്‍ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ 16 ഭീകരരും വടക്കുകിഴക്കന്‍ വസീറിസ്ഥാനിലെ ബജൗറില്‍ ഇന്നലെ കര – വ്യോമ സേനകളുടെ സംയുക്ത ആക്രമണത്തില്‍ 14 ഭീകരരും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഇവിടെ കരസേനയുടെ ശക്തമായ നടപടി ഉടന്‍ ആരംഭിക്കും.

അല്‍ ഖാഇദ, താലിബാന്‍ ഉള്‍പ്പെടെ പതിനായിരത്തോളം ഭീകരര്‍ വസീറിസ്ഥാനിലുണ്ടെന്നാണു നിഗമനം. ഇവരെ തുരത്താന്‍ 28,000 സൈനികരെയാണു നിയോഗിക്കുന്നത്. നേരത്തേ ഭീകരര്‍ക്ക് അഭയം നല്‍കിയിരുന്ന ഗോത്രത്തലവന്മാര്‍ തന്നെ സൈനിക നടപടി വേണമെന്ന് ഇപ്പോള്‍ അഭ്യര്‍ഥിക്കുന്നതായി മാലിക് പറഞ്ഞു.