Administrator
Administrator
ശംഖുമുഖം ബീച്ചിന് മാര്‍പ്പാപ്പയുടെ പേരിടുന്നു?
Administrator
Tuesday 10th May 2011 2:58pm

shanghumukhamതിരുവനന്തപുരം: പ്രസിദ്ധമായ ശംഖുമുഖം കടല്‍ത്തീരത്തിന് മാര്‍പ്പാപ്പയുടെ പേരിടാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നതെന്നും ഇതിന് മുന്നോടിയായി ശംഖുമുഖം ബീച്ച് കയ്യേറി കുരിശടി സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജന്മഭൂമി പത്രത്തിലാണ് റിപ്പോര്‍ട്ട്.

ഇതു സംബന്ധിച്ച് കഴിഞ്ഞ മെയ് ഒന്നിന് ലത്തീന്‍ അതിരൂപതയുടെ പള്ളികളില്‍ പ്രഖ്യാപനം നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങിനെ: മെയ് ഒന്നിന് പള്ളികളില്‍ ശംഖുമുഖം തീരം കയ്യടക്കാനുള്ള പ്രഖ്യാപനം നടത്തിക്കൊണ്ട് ഇടയലേഖനം വായിച്ചു. അതിരൂപത പ്ലാറ്റിനം ജൂബിലി സമാപനത്തോടനുബന്ധിച്ചാണ് ശംഖുമുഖം തീരം കയ്യടക്കി കുരിശടി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെത്തിയപ്പോള്‍ വിശ്വാസികളെ അഭിസംബോധന ചെയ്തത് ശംഖുമുഖം തീരത്തുവച്ചാണ്. അതിന്റെ സ്മരണയ്ക്കാണത്രെ തീരത്ത് കുരിശടി സ്ഥാപിക്കുന്നതും ശംഖുമുഖം തീരത്തിന്റെ പേരു മാറ്റുന്നതും.

ഹൈന്ദവ വിശ്വാസപ്രകാരം ശംഖുമുഖം തീരത്തിന് വലിയ പ്രാധാന്യമുണ്ട്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആറാട്ടുകടവാണ് ശംഖുമുഖം തീരം. എല്ലാവര്‍ഷവും കര്‍ക്കിടകവാവിന് പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കാന്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് ഇവിടെയെത്തുന്നത്.

ഗണേശോത്സവത്തോടനുബന്ധിച്ച് വിഗ്രഹ നിമജ്ജനം നടക്കുന്നതും ശംഖുമുഖം തീരത്താണ്. ഇത്രത്തോളം പ്രാധാന്യമുള്ള തീരത്ത് കുരിശടിസ്ഥാപിക്കാനും തീരത്തിന് മാര്‍പാപ്പയുടെ പേരിടാനും നടക്കുന്ന നീക്കം സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനിടവരുത്തുമെന്ന  ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

കുരിശടിസ്ഥാപിക്കലും പേരുമാറ്റലും ഈ മാസം പതിമൂന്നിന് നടത്താനാണ് ലത്തീന്‍ സഭ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയിലെ മാര്‍പാപ്പയുടെ പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് സള്‍വത്തോരെ പെനാക്യയാകും നാമകരണം നടത്തുക. ഇതിനുള്ള നടപടിക്രമങ്ങള്‍ സഭ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പക്ക് മുമ്പ് വെടിയേറ്റ ദിനമാണ് മെയ്13. ഇത് രക്തസാക്ഷിത്വ ദിനമായാണ് ആചരിക്കപ്പെടുന്നത്.

രൂപത പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കഴിഞ്ഞ നാലിന് ആരംഭിച്ച തീരദേശ ബൈബിള്‍ സമ്മേളനത്തില്‍ മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച്ബിഷപ്പ് സള്‍വത്തോരെ പെനാക്യ പങ്കെടുക്കുന്നുണ്ട്. വെട്ടുകാടാണ് ബൈബിള്‍ സമ്മേളനം നടക്കുന്നത്. 13ന് സമ്മേളനം സമാപിക്കും- റിപ്പോര്‍ട്ട് പറയുന്നു.

ശംഖുമുഖം ബീച്ചിന്റെ പേര് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നഗര്‍ എന്നാക്കുന്നതിന് നഗരസഭയെ ഇതുവരെ ലത്തീന്‍ സഭ സമീപിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Advertisement